
കാബുൾ മൂന്ന് ദിവസം നീണ്ട ചർച്ചകൾ പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ സംഘർഷം തുടരുമെന്ന് സൂചന. സമാധാന ചർച്ചകൾ ഇന്നലെ അവസാനിച്ചുവെങ്കിലും പരിഹാര മാർഗങ്ങൾ ഇരുരാജ്യങ്ങളും പരസ്‌പരം അംഗീകരിക്കാതെ വന്നതോടെയാണ് മേഖല വീണ്ടും അശാന്തിയിലേക്ക് നീങ്ങിയത്. തുർക്കിയിലെ ഇസ്‌താംബുളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ സംഘർഷം വീണ്ടും ഉടലെടുക്കാനാണ് സാധ്യത.
2021ൽ കാബൂളിൽ താലിബാൻ അഫ്ഗാനിസ്‌ഥാനിൽ അധികാരമേറ്റതിനു ശേഷം നടന്ന ഏറ്റവും വലിയ അക്രമണമാണ് മേഖലയിൽ സംഭവിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലം വെടിനിർത്തൽ കരാറിൽ എത്തുന്നതിനായാണ് ഒക്ടോബർ 25ന് ചർച്ചകൾ ആരംഭിച്ചതെങ്കിലും ശാശ്വത സമാധാനം കൈവരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒക്ടോബർ 19ന് ദോഹയിൽ നടന്ന മധ്യസ്‌ഥത ചർച്ചയിൽ ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചിരുന്നു.
ടിടിപി തലവനെ ലക്ഷ്യമിട്ട് കാബുൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഒക്ടോബറിൽ ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. പിന്നാലെ 2,600 കിലോമീറ്റർ (1,600 മൈൽ) അതിർത്തിയിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ ആക്രമണം നടത്തുകായിരുന്നു. കഴിഞ്ഞ ആഴ്‌ച നടന്ന ഏറ്റുമുട്ടലിൽ അഞ്ച് പാക്കിസ്ഥാൻ സൈനികരും 25 പാക്കിസ്‌ഥാൻ താലിബാൻ ഭീകരവാദികളും കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
















© Copyright 2025. All Rights Reserved