ജറുസലം. ഫാ സിറ്റിയിൽ അഭയകേന്ദ്രമായ സ്കൂളിൽ
ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 36 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഇതുൾപ്പെടെ 52 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ആളുകൾ ഉറക്കത്തിലായിരിക്കെ മൂന്നുവട്ടമാണു സ്ക്‌കൂളിൽ ബോംബിട്ടത്. ഇതോടെ വൻ തീപിടിത്തവുമുണ്ടായി പിതാവും 5 കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ജബാലിയയിൽ മറ്റൊരാക്രമണത്തിൽ കുടുംബത്തിലെ 16 പേരും കൊല്ലപ്പെട്ടു.
അതിനിടെ, ഗാസയിൽ ഐക്യരാഷ്ട്രസംഘടന (യുഎൻ) തള്ളിക്കളഞ്ഞ ഇസ്രയേലിൻ്റെ പുതിയ സഹായവിതരണ സംവിധാനം ഇന്നലെ ആരംഭിച്ചു. ഇതിനു നിയോഗിക്കപ്പെട്ട വിവാദ സംഘടനയായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ മേധാവി ജെയ്ക് വുഡ് ഞായറാഴ്‌ച രാജി നൽകിയിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കില്ലെന്നു ബോധ്യമായതുകൊണ്ടാണു രാജിയെന്നു വ്യക്തമാക്കി. മുൻ സൈനികമേധാവിമാരും രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥരും അംഗങ്ങളായ ഫൗണ്ടേഷനെ യുഎന്നും മറ്റു സന്നദ്ധ സംഘടനകളും നേരത്തേ ബഹിഷ്കരിച്ചതാണ്.
തെക്കൻ ഗാസ കേന്ദ്രീകരിച്ചു 4 കേന്ദ്രങ്ങളിൽ ഇസ്രയേൽ സുരക്ഷാസേനയുടെ മേൽനേട്ടത്തിലാണ് സംഘടനയുടെ സഹായവിതരണം ഇന്നലെ ആരംഭിച്ചത്. ഹമാസ് ബന്ധമുള്ളവരെ കണ്ടെത്താനായി എല്ലാ കേന്ദ്രങ്ങളിലും പലസ്‌തീൻകാരുടെ വ്യക്തിവിവരങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കും.
പട്ടിണിയിലായ ഗാസയിലെ 20 ലക്ഷത്തിലേറെ പലസ്തീൻകാർക്കു സഹായമെത്തിക്കാൻ ഈ രീതി പര്യാപ്തമല്ലെന്നാണ് യുഎൻ സംഘടനകളുടെ വിമർശനം.
© Copyright 2024. All Rights Reserved