ചെറു യാനങ്ങളിൽ അനധികൃതമായി എത്തുന്ന ആയിരക്കണക്കിന് അഭയാർത്ഥികളെ പൗരത്വത്തിനായി അപേക്ഷിക്കുന്നതിൽ നിന്നും ഹോം ഓഫീസ് വിലക്കുന്നു എന്ന ആരോപണം ശക്തമാവുകയാണ്. പൗരത്വത്തിനായി അപേക്ഷിച്ചവരെ വിലയിരുത്തുന്ന ജീവനക്കാർക്ക്, അപകടകരമായ യാത്ര ചെയ്ത് ബ്രിട്ടനിൽ എത്തുന്നവർക്ക് പൗരത്വം നിഷേധിക്കുവാനാണത്രെ നിർദ്ദേശം നൽകിയിരിക്കുന്നത്.
-----------------aud-----------------
അഭയത്തിനായി അപേക്ഷിച്ച 71,000 പേർക്ക് പൗരത്വം നിഷേധിക്കപ്പെടാൻ ഈ നീക്കം കാരണമാകുമെന്നാണ് റെഫ്യൂജി കൗൺസിൽ പറയുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഒരു ഇമിഗ്രേഷൻ ബാരിസ്റ്റർ പറഞ്ഞത്.
അഭയാർത്ഥികളുമായി ബന്ധപ്പെട്ട് കർശന നിലപാടുകൾ കൈക്കൊള്ളുന്ന നെയ്ജൽ ഫരാജിന്റെ റിഫോം യു കെ പാർട്ടിയുടെ അ ഭിപ്രായ സർവ്വേകളിലെ കുതിച്ചു കയറ്റമാണ് കീർ സ്റ്റാർമർ സർക്കാരിനെ ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് നയിച്ചതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. രണ്ടാം തവണയും ചർച്ചകൾ പൂർത്തിയാക്കിയ സർക്കാരിന്റെ പുതിയ ബോർഡർ സെക്യൂരിറ്റി ബിൽ, അനധികൃതമായി ബ്രിട്ടനിലെത്തുന്നവർ ബ്രിട്ടീഷ് പൗരന്മാരാകുന്നത് തടയും എന്നാണ് മുതിർന്ന ലേബർ എം പിമാർ പറയുന്നത്.
അതേസമയം, ഈ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന ചാരിറ്റികൾക്ക് പിന്തുണയുമായി ഒരു ലേബർ എം പി വന്നതും ശ്രദ്ധേയമായിട്ടുണ്ട്. വാൾഥാംസ്റ്റോവിൽ നിന്നുള്ള ലേബർ എം പിയായ സ്റ്റെല്ല ക്രീസിയാണ് സർക്കാരിന്റെ നയങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. നമ്മൾ ആർക്കെങ്കിലും അഭയം നൽകുകയാണെങ്കിൽ, അവർക്ക് ബ്രിട്ടീഷ് പൗരത്വം നേടാനുള്ള വഴി മുടക്കുന്നത് ശരിയല്ല എന്നാണ് അവർ പറയുന്നത്. ഫ്രീ മൂവ്‌മെന്റ് എന്ന ബ്ലോഗാണ് സർക്കാർ നയത്തിലെ മാറ്റം ആദ്യമായി പുറത്തു കൊണ്ടുവന്നത്.
പൗരത്വം നൽകുന്നതിനു മുൻപായി, അപേക്ഷകന്റെ സ്വഭാവം വിലയിരുത്തുന്ന നടപടി ക്രമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത് എന്ന് അതിൽ പറയുന്നു. 2025 ഫെബ്രുവരി 10 ന് ശേഷം പൗരത്വത്തിന് അപേക്ഷിക്കുന്നവർ, അതിനു മുൻപായി അധികൃതമായി യു കെയിൽ എത്തിയവരാണെങ്കിൽ അവർക്ക് പൗരത്വം നിഷേധിക്കും എന്നാണ് അതിൽ പറയുന്നത്. അനധികൃതമായി എത്തിയിട്ട് എത്രകാലമായി എന്നതിന് പ്രസക്തിയുണ്ടാകില്ല. സാധുവായ എൻട്രി ക്ലിയറൻസ് അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാവൽ ഓഥറൈസേഷൻ ഇല്ലാതെ, അപകടകരമാം വിധം യാത്ര ചെയ്ത് എത്തുന്നവർക്ക് പൗരത്വം നിഷേധിക്കുവാനാണ് മാർഗ്ഗ നിർദേശ രേഖകളിൽ പറയുന്നത്.
ചെറു യാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്നതും, അടച്ചിട്ട വാഹനങ്ങൾക്കുള്ളിൽ ഒളിച്ചിരുന്ന് വരുന്നതുമെല്ലാം അപകടകരമാം വിധമുള്ള യാത്ര എന്നതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നു. ചെറുയാനങ്ങളിൽ എത്തുന്നവരിൽ മിക്കവർക്കും അഭയാർത്ഥി പദവി നൽകാറുണ്ട്. ഇവർ കാലക്രമേണ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കും. 1,630 പൗണ്ട് മുടക്കി പൗരത്വത്തിന് അപേക്ഷിക്കാം.അപേക്ഷ നിരസിക്കപ്പെട്ടാൽ അപ്പീലിന് പോകാൻ അവകാശം ഉണ്ടായിരിക്കുന്നതല്ല.
© Copyright 2024. All Rights Reserved