
ഗാസ മധ്യ ഗാസയിൽ നുസെയ്റത്ത് അഭയാർഥി ക്യാംപിലെ ജലവിതരണകേന്ദ്രത്തിൽ പ്ലാസ്‌റ്റിക് പാത്രങ്ങളുമായി വരിനിൽക്കുകയായിരുന്ന കുട്ടികൾക്കു നേരെ ഇസ്രയേൽ മിസൈലാക്രമണം. വെള്ളമെടുക്കാൻ നിന്ന 6 കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്കു പരുക്കേറ്റു.
സാങ്കേതികപ്പിഴവു മൂലം മിസൈൽ ലക്ഷ്യം തെറ്റി ക്യാംപിലേക്കു പതിച്ചെന്നാണ് ഇസ്രയേൽ വിശദീകരണം. ഖേദം പ്രകടിപ്പിച്ച ഇസ്രയേൽ സൈന്യം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഗാസയിലെ ജലക്ഷാമം മൂലം ക്യാംപുകളിലെ വിതരണകേന്ദ്രങ്ങളെയാണ് ജനം ഇപ്പോൾ ആശ്രയിക്കുന്നത്. തിരക്കുള്ള ചന്തയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലുൾപ്പെടെ ഗാസ സിറ്റിയിൽ ഇന്നലെ 38 പേർ കൊല്ലപ്പെട്ടു.
അൽ അഹ്ലി അറബ് ഹോസ്‌പിറ്റലിലെ ഡോ. അഹമ്മദ് ഖൻഡീലും കൊല്ലപ്പെട്ടവരിലുണ്ട്. തെക്കൻ ഗാസയിൽ ഖാൻ യൂനിസിനടുത്ത് അൽ മവാസിയിൽ ഇസ്രയേൽ ഡ്രോണാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഗാസയിലാകെ ഇന്നലെ മാത്രം 76 മരണം റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ 58,000 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
















© Copyright 2025. All Rights Reserved