വാഷിങ്ടൻ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല റാലിയിൽ പങ്കെടുത്തവർക്കുനേരെ ബോംബേറ്. ആറുപേർക്ക് പൊള്ളലേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു. ഗാസയിൽ ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നടന്ന കൂട്ടായ്‌മയിലേക്ക് ഒരാൾ സ്ഫോടക വസ്‌തു എറിയുകയായിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. അക്രമി പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്രമണത്തിൻ്റെ കാരണം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അക്രമി പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവസ്‌ഥലത്തെത്തുമ്പോൾ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റവരും അല്ലാതെ പരുക്കേറ്റവരും കൂട്ടത്തിലുണ്ടായിരുന്നു. അക്രമിയെ സംഭവ സ്‌ഥലത്തുനിന്നു തന്നെ പിടികൂടിയതായും പൊലീസ് പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്ന് അമേരിക്കയിലെ ഇസ്രയേൽ അംബാസഡറും പ്രതികരിച്ചു.
കഴിഞ്ഞയാഴ്‌ച യുഎസ് തലസ്‌ഥാനനഗരത്തിലെ ജൂത മ്യൂസിയത്തിനു മുന്നിൽ ഇസ്രയേൽ എംബസിയിലെ 2 ജീവനക്കാർ വെടിയേറ്റു മരിച്ചിരുന്നു. വൈറ്റ് ഹൗസിൽനിന്ന് 2 കിലോമീറ്റർ അകലെ ക്യാപ്പിറ്റൽ ജ്യൂയിഷ് മ്യൂസിയത്തിലെ പരിപാടി കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോഴാണു വെടിവയ്‌പുണ്ടായത്. യാറോൺ ലിസ്ചിൻസ്കി (30), സാറാ ലിൻ മിൽഗ്രം (26) എന്നിവരാണു കൊല്ലപ്പെട്ടത്.'
© Copyright 2024. All Rights Reserved