കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കാനുള്ള ട്രംപിന്‍റെ നയങ്ങൾക്ക് വലിയ തിരിച്ചടിയാണ് ലോസ് ഏഞ്ചല്‍സില്‍ നടന്ന് കൊണ്ടിരിക്കുന്നത്. അക്രമാസക്തമായ ആൾക്കൂട്ടം തെരുവുകളില്‍ തീ പടര്‍ത്തി മുന്നേറുകയാണെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും വീഡിയോകളും പറയുന്നു. അതേസമയം പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ ട്രംപ് സൈന്യത്തെ തന്നെ വിന്യസിച്ചു. ഇതിനിടെയാണ് യുഎസിലെ ഏറ്റവും വലിയ സമ്പന്നയായ ക്രിസ്റ്റി വാൾട്ടണ്‍, ജൂണ്‍ 14 ന് ട്രംപിനെതിരെ സംഘടിക്കാന്‍ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തത്. ഈ ആവശ്യമുന്നയിച്ച് ക്രിസ്റ്റി വാൾട്ടണ്‍ ന്യൂയോർക്ക് ടൈംസിൽ ഒരു ഫുൾ പേജ് പരസ്യമാണ് നല്‍കിയത്.
ഫോർബ്‌സിന്‍റെ കണക്ക് പ്രകാരം ഏകദേശം 19.3 ബില്യൺ ഡോളർ ആസ്തിയുള്ള 76 കാരിയാണ് വാൾട്ടൺ. യുഎസിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാൾ. ദി ടൈംസിന്‍റെ പ്രിന്‍റ് എഡിഷനില്‍ നല്‍കിയ പരസ്യത്തിന്‍റെ തുടര്‍ച്ചയാണ് ന്യൂയോര്‍ക്ക് ടൈംസിലെ പരസ്യമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പരസ്യത്തിന് മുകളിലായി 'രാജാവില്ല' (No Kings) എന്ന് എഴുതിയിരുന്നു. ജൂൺ 14 -ന് വാഷിംഗ്ടൺ ഡിസിയിൽ ട്രംപ് ഒരു സൈനിക പരേഡ് നടത്താൻ പോകുന്ന അതേ ദിവസമാണ്, യുഎസിലുടനീളം നൂറുകണക്കിന് ട്രംപ് വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാന്‍ വാൾട്ടണ്‍ ആഹ്വാനം ചെയ്തത്. പ്രതിഷേധം ആരംഭിച്ച ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഏകദിന പ്രതിഷേധ റാലിയായിരിക്കും അതെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടു.
രാജ്യത്തുടനീളം 1,800-ലധികം പ്രതിഷേധ പരിപാടികൾ അന്നേദിവസം സംഘടിപ്പിക്കുമെന്ന് ' നോ കിംഗ്സ് ' വക്താവ് ആൻഡ്രൂ കുക്ക് ഫോർബ്സിനോട് പറഞ്ഞു. അമേരിക്ക രാജാക്കന്മാരെ ആരാധിക്കുന്നില്ലെന്ന് നോ കിംഗ്സ് വെബ്സൈറ്റില്‍ എഴുതിയിരിക്കുന്നു. ട്രംപിന്‍റെ നടപടികളെ ഏകോപിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് നോ കിംഗ്സ്. ഞങ്ങൾ അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളാണ്. നമ്മുടെ രാജ്യത്തിന്‍റെ ബഹുമാനം, അന്തസ്സ്, സമഗ്രത എന്നിവ വിൽപ്പനയ്ക്കുള്ളതല്ലെന്ന് പരസ്യത്തില്‍ പറയുന്നു. അതേസമയം ക്രിസ്റ്റിയുടെ പരസ്യം വാൾമാർട്ടുമായി ബന്ധപ്പെട്ടതോ അംഗീകരിച്ചതോ അല്ലെന്ന് വാൾമാർട്ടിന്‍റെ ഗ്ലോബൽ പ്രസ് ഓഫീസ് ഡയറക്ടർ ജോ പെന്നിംഗ്ടൺ മാധ്യമങ്ങളെ അറിയിച്ചു. ഇതോടെ ട്രംപ് പ്രതിഷേധം യുഎസ്സില്‍ ശക്തമാകുമെന്ന് ഉറപ്പായി. ഇതിനിടെ ട്രംപ് അനുകൂലികൾ വാൾമാട്ട് സ്ഥാപനങ്ങൾ ബഹിഷ്ക്കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങി.
© Copyright 2024. All Rights Reserved