ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ശക്തമായമഴ തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിലായി മരിച്ചവരുടെ എണ്ണം 19 ആയി. 17,000 പേരെ മാറ്റിപ്പാർപ്പിച്ചു. 140 ട്രെയിനുകളാണ് റദ്ദാക്കിയത്.
-------------------aud--------------------------------
ന്യൂനമർദത്തെത്തുടർന്നാണ് രണ്ട് സംസ്ഥാനങ്ങളിലും മഴ ശക്തമായത്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം റോഡ് ഗതാഗതം താറുമാറായി. പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. 140 ട്രെയിനുകൾ റദ്ദാക്കുകയും 97 എണ്ണം വഴി തിരിച്ചു വിടുകയും ചെയ്തു. 6000ത്തോളം യാത്രക്കാരാണ് വിവിധ റെയിൽവെസ്‌റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരുമായും നിലവിലെ സ്ഥിതിഗതികൾ ആരാഞ്ഞു. കേന്ദ്രത്തിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. 9 പേർ ആന്ധ്രാപ്രദേശിലും 10 പേർ തെലങ്കാനയിലും മരിച്ചു. ആന്ധ്രയിൽ മൂന്ന് പേരെ കാണാതായി. തെലങ്കാനയിൽ ഒരാളെയും.
17,000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. വിജയവാഡയിൽ മാത്രം 2.76 ലക്ഷം പേരെയാണ് മഴയും വെള്ളപ്പൊക്കവും ബാധിച്ചത്. ഹൈദരാബാദ് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബുഡമേരു വാഗു നദി ഉൾപ്പെടെ ഇരു സംസ്ഥാനങ്ങളിലെ എല്ലാ നദികളും കരകവിഞ്ഞൊഴുകുകയാണ്. സെപ്തംബർ 2 മുതൽ 5 വരെ നാല് ദിവസത്തേയ്ക്ക് ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളിൽ ഇടിനിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെലങ്കാനയിലും സമാനമായ കാലാവസ്ഥയായിരിക്കും.
© Copyright 2023. All Rights Reserved