നയ്റോബി (കെനിയ) വിഖ്യാത ആഫ്രിക്കൻ നോവലിസ്റ്റും നാടകകൃത്തുമായ ഗൂഗി വാ തിയോംഗോ (87) അന്തരിച്ചു. യുഎസിലെ അറ്റ്ലാന്റയിലാണ് അന്ത്യം ബ്രിട്ടിഷ് കോളനിവാഴ്ചക്കെതിരായ സമരത്തീയിൽ വളർന്ന ഗൂഗി സ്വാതന്ത്ര്യാനന്തര കെനിയയിലെ ഭരണവർഗത്തിനെതിരെ നിരന്തര വിമർശനമുയർത്തി പീഡനങ്ങൾ ഏറ്റുവാങ്ങി. നയ്‌റോബിയിൽ ഇംഗ്ലിഷ് പ്രഫസറായിരിക്കെ 1977 ൽ എഴുതിയ നാടകത്തിന്റെ പേരിൽ അറസ്റ്റിലായി ഒരുവർഷം ഏകാന്തതടവിൽ കഴിഞ്ഞു. 'ഐ വിൽ വാരി വെൻ ഐ വാണ്ട്' എന്ന നാടകം കർഷകത്തൊഴിലാളികൾ അവതരിപ്പിച്ചതിൽ രോഷാകുലരായ അധികൃതർ സായുധപൊലീസിനെ അയച്ചു തിയറ്റർ ഇടിച്ചുനിരത്തി
ജീവനു ഭീഷണി ഉയർന്നതോടെ 1982 ൽ കെനിയ വിട്ടു യുകെയിലെത്തി. അവിടെനിന്ന് യുഎസിലേക്കുപോയി. കലിഫോർണിയ-ഇർവിൻ സർവകലാശാലയിൽ ഇംഗ്ലിഷ് പ്രഫസറായി. കെനിയയിലെ 22 വർഷം നീണ്ട സ്വേച്ഛാധിപത്യം അവസാനിച്ചതോടെ 2004 ൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തി. ആയിരങ്ങളാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. തുടക്കത്തിൽ ഇംഗ്ലിഷിലാണ് എഴുതിയിരുന്നതെങ്കിലും 1980 കളിൽ കെനിയൻ ഗോത്രഭാഷയായ ഗിക്കുയുവിൽ എഴുതാൻ തുടങ്ങി. അദ്ദേഹം തന്നെയാണു പിന്നീടു സ്വന്തം കൃതികൾ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്‌തത്. ഗൂഗിയുടെ കൗമാരത്തിലാണ് കുടുംബത്തിന്റേത് അടക്കം ഭൂമി ബ്രിട്ടിഷ് ഭരണകൂടം കയ്യേറിയത്.
ഇതിനെതിരെ മൊമോ ഗോത്രജനത നടത്തിയ സായുധസമരത്തിൽ ഗൂഗിയുടെ രണ്ടു സഹോദരന്മാരും ബ്രിട്ടിഷ് പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഈ പോരാട്ടകാലമാണു തിയോംഗോയുടെ വിഖ്യാതമായ ആദ്യനോവൽ 'വിപ് നോട്ട് ചൈൽഡ് (1964) പശ്ചാത്തലമാക്കിയത്. ആഫ്രിക്കൻ നാടോടിക്കഥകളെയും മിത്തുകളെയും സമൃദ്ധമായി ഉപയോഗിക്കുന്നവയാണ് ഗൂഗിയുടെ നാടകങ്ങളും നോവലുകളും ആക്ഷേപഹാസ്യം നിറഞ്ഞ ശൈലിയിലൂടെ അഴിമതിക്കാരായ ആഫ്രിക്കൻ ഭരണാധികാരികളെ നന്നായി പരിഹസിച്ചു. കൃതികൾ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. മറ്റു പ്രശസ്‌ത കൃതികൾ ഡികോളനൈസിങ്ങ് മൈൻഡ്, പെറ്റൽസ് ഓഫ് ബ്ലഡ്, ദ് വിസാഡ് ഓഫ് ദ് ക്രോ (2006) ബർത്ത് ഓഫ് എ ഡ്രീംവീവർ (ആത്മകഥ).
© Copyright 2024. All Rights Reserved