മയാമി: അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയോടുള്ള ആരാധകരുടെ ആരാധനക്ക് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് 98 വയസുകാരിയായ ഒരു മുത്തശ്ശി. യുഎസ് മേജര്‍ ലീഗ് സോക്കറില്‍ ഇന്‍റർ മയാമി നായകനായ ലിയോണൽ മെസിയോട് വിവാഹാഭ്യർഥന നടത്തിയാണ് 98 വയസ്സുള്ള പൗളിനെ കാന ആരാധകരെയും മെസിയെയും ഒരേ സമയം ഞെട്ടിച്ചത്. ഫിഫ ക്ലബ് ലോകകപ്പിൽ ബ്രസീൽ ക്ലബ് പാൽമിറാസിനെതിരായ മത്സരത്തിന് മുൻപ് മെസി താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് രസകരമായ സംഭവം.
ഗാലറിയിലുണ്ടായിരുന്ന പൗളിനെ കാനയാണ്, മെസി തന്നെ വിവാഹം കഴിക്കുമോ എന്ന പ്ലക്കാർഡ് താരത്തിനുനേരെ ഉയർത്തിക്കാട്ടിയത്. പ്ലക്കാർഡ് കണ്ട മെസി ചിരിച്ചുകൊണ്ട് പൗളിനെക്കു നേരെ കൈ കാണിച്ചു. പേരക്കുട്ടി റോസ് സ്മിത്തിനൊപ്പമാണ് പൗളിനെ മത്സരം കാണാനെത്തിയത്. പ്രധാനപ്പെട്ട മത്സരങ്ങളെല്ലാം കാണാന്‍ പേരക്കുട്ടി റോസ് സ്മിത്തിനൊപ്പം സ്റ്റേഡിയത്തില്‍ എത്താറുള്ള പൗളീനെ സോഷ്യല്‍ മീഡിയ താരം കൂടിയാണ്. അമേരിക്കയില്‍ നാഷണൽ ഫുട്ബോള്‍ ലീഗ്, ഡബ്ല്യു ഡബ്ല്യു ഇ മത്സരങ്ങളെല്ലാം കാണാന്‍ പൗളീനെ ഗ്യാലറിയിലെത്താറുണ്ട്.
പാല്‍മിറാസിനെതിരെ 2-2 സമനില പിടിച്ച ഇന്‍റര്‍ മയാമി ഫിഫ ക്ലബ്ബ് ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. നേരത്തെ എഫ് സി പോര്‍ട്ടോക്കെതിരെ നേടിയ ജയമാണ് ഇന്‍റര്‍ മയാമിയെ പ്രീ ക്വാര്‍ട്ടറിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 1-1 സമനിലയില്‍ നില്‍ക്കെ ലിയോണല്‍ മെസി നേടിയ ഫ്രീ കിക്ക് ഗോളാണ് ഇന്‍റര്‍ മയാമിക്ക് പോര്‍ച്ചുഗീസ് വമ്പന്‍മാര്‍ക്കെതിരെ അവിസ്മരണീയ വിജയം സമ്മാനിച്ചത്.
പാല്‍മിറാസിനെതിരെയും ജയിച്ചിരുന്നെങ്കില്‍ ഇന്‍റര്‍ മയാമിക്ക് പ്രീ ക്വാര്‍ട്ടറില്‍ താരതമ്യേന ദുര്‍ബലരായ ബെനഫിക്കയെ നേരിട്ടാല്‍ മതിയായിരുന്നു. എന്നാല്‍ സമനില വഴങ്ങിയതോടെ യൂറോപ്യന്‍ ചാമ്പ്യൻമാരായ പി എസ് ജിയെയാണ് ഇന്‍റര്‍ മയാമി പ്രീ ക്വാര്‍ട്ടറില്‍ നേരിടേണ്ടത്. ബാഴ്സലോണ വിട്ടശേഷം 2021 മുതല്‍ 2023വരെ പി എസ് ജിയുടെ താരമായിരുന്നു മെസി. പിഎസ്‌ജിയില്‍ നിന്നാണ് മെസി ഡേവിഡ് ബെക്കാമിന്‍റെ സഹ ഉടമസ്ഥതയിലുള്ള ഇന്‍റര്‍ മയാമിയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ പി എസ് ജിക്കെതിരായ മത്സരത്തില്‍ മെസിയിലാണ് ടീമിന്‍റെ പ്രതീക്ഷകളത്രയും.
© Copyright 2025. All Rights Reserved