തൃശ്ശൂർ: ദിവസങ്ങളായി വലയിൽ കുടുങ്ങി കിടക്കുകയായിരുന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. വെള്ളാനിക്കര അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിനു സമീപത്തു നിന്നുമാണ് വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇവർ ശനിയാഴ്ച ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് പെരുമ്പാമ്പ് വലയിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് പറവട്ടാനി ഫോറസ്റ്റ് സ്റ്റേഷൻ എസ്ഐപിയിൽ നിന്നെത്തിയ ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ നവാസ്, സർപ്പ വളണ്ടിയർ ശരത് മാടക്കത്തറ എന്നിവർ എത്തി പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരാഴ്ചയിലധികമായി പാമ്പ് വലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു എന്നാണ് എന്ന് കരുതുന്നു. വലയിൽ പെട്ടതിനെ തുടർന്ന് പെരുമ്പാമ്പിന്റെ ശരീരത്തിൽ വലിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്. ഈ മുറിവുകളെല്ലാം പുഴുവരിച്ച നിലയിലാണ് ഇപ്പോഴുള്ളത്.
രക്ഷപ്പെടുത്തിയെടുത്ത പെരുമ്പാമ്പിനെ വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചു. വെറ്ററിനറി ഡോക്ടർമാരായ ഡോ. ആതിര നാരായണൻ, ഡോ. അനഘ സുരേന്ദ്രൻ, ഡോ. അലീന എന്നിവരുടെ നേതൃത്വത്തിൽ പെരുമ്പാമ്പിന് വിദഗ്ധ ചികിത്സ നൽകി. പെരുമ്പാമ്പ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മുറിവുകൾ ഭേദമായതിനു ശേഷം ഉൾവനത്തിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് അറിയിച്ചു
© Copyright 2024. All Rights Reserved