വാഷിംഗ്ടണ്‍: അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്‍റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതി ഇന്ത്യയിൽ വൻ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്. ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്പദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള അത്ഭുതകരമായ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് - ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) ലീഡർഷിപ്പ് ഉച്ചകോടി 2025-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന സാക്ഷാൽ ഡോണൾഡ് ട്രംപിന്‍റെ പിന്തുണയോടെയുള്ള ഈ കുടിയേറ്റ പദ്ധതിയെക്കുറിച്ച് ലട്ട്നിക് വിശദീകരിച്ചു. ഗ്രീൻ കാർഡ് പോലെ, സമ്പന്നരായ വിദേശികൾക്ക് ഉയർന്ന നിരക്കിൽ അമേരിക്കയിൽ സ്ഥിരതാമസം നേടാൻ ഇത് അവസരം നൽകും. അമേരിക്കയിലേക്കുള്ള സാധാരണ കുടിയേറ്റ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നുവെന്ന് തന്‍റെ മുഖ്യ പ്രസംഗത്തിൽ പറഞ്ഞു. ട്രംപ് കാർഡ് വരുന്നതോടെ അമേരിക്കയിലേക്ക് വരാനുള്ള ആളുകൾക്ക് വലിയ അവസരം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ പ്രതിഭകളെയും യുഎസ് സമ്പദ്‌വ്യവസ്ഥയിലുള്ള അവരുടെ വലിയ സംഭാവനകളെയും ലട്ട്നിക് പ്രശംസിക്കുകയും ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ സംരംഭകരുടെ വിജയമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വമ്പൻ അമേരിക്കൻ കമ്പനികളെ നയിക്കുന്നത് ഇന്ത്യയിൽ നിന്നുള്ളവരാണ്. അവർ മികച്ച സംരംഭകരും മികച്ച വ്യവസായികളും മിടുക്കരും ചിന്താശീലരും എല്ലാ രീതിയിലും വിദ്യാസമ്പന്നരുമാണെന്നും ലട്നിക് പ്രശംസിച്ചു.
ട്രംപ് ഗോൾഡ് കാർഡ് വഴി അഞ്ച് മില്യൺ ഡോളർ നിക്ഷേപിച്ച് വ്യക്തികൾക്ക് താമസാനുമതി നേടാം. ആഗോള ബിസിനസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ധനികരായ വ്യക്തികളുടെ എണ്ണം ഇന്ത്യയിൽ വർധിച്ചുവരുന്നതിനാൽ ഈ പദ്ധതി ഇന്ത്യയിൽ പ്രത്യേകിച്ചും പ്രാധാന്യം നേടുമെന്ന് ലട്ട്നിക് പറഞ്ഞു. ഞങ്ങൾ ഇന്ത്യയിൽ അവിശ്വസനീയമാംവിധം വിജയിക്കാൻ പോകുന്നു എന്നാണ് യുഎസ് വാണിജ്യ സെക്രട്ടറി പറയുന്നത്. ഗോൾഡ് കാർഡ് ഒരു വിസ എന്നതിലുപരി ഒരു നികുതി ഇളവ് കൂടി നൽകുന്നുണ്ട്. ഒരു ഗ്രീൻ കാർഡ് ഉടമയെപ്പോലെയാകാം, അതിന് തുല്യമായതാണ് ട്രംപ് ഗോൾഡ് കാർഡെന്നും അദ്ദേഹം പറഞ്ഞു.
യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര, സാങ്കേതിക പങ്കാളിത്തത്തെക്കുറിച്ചും ലട്ട്നിക് സംസാരിച്ചു. അമേരിക്ക അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ വിശ്വസനീയമായ സഖ്യകക്ഷികളുമായുള്ള ബന്ധം ദൃഢമാക്കുകയും ചെയ്യുന്നതിനാൽ ഇരു രാജ്യങ്ങൾക്കും നേട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയെല്ലാം പരിഗണിക്കുമ്പോൾ, ട്രംപ് ഭരണകൂടത്തിന് കീഴിൽ യുഎസ് - ഇന്ത്യ ബന്ധത്തിൽ കൂടുതൽ ആഴത്തിലുള്ള മാറ്റം വരികയാണെന്ന് ലട്ട്നിക്കിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.
© Copyright 2024. All Rights Reserved