ദില്ലി: ബസിലും ട്രെയിനിലുമെല്ലാം സീറ്റുകൾ നിറഞ്ഞുകഴിഞ്ഞാൽ നിന്ന് യാത്ര ചെയ്യുന്നവരെ കാണാം. എന്നാൽ, വിമാനത്തിൽ നിന്ന് യാത്ര ചെയ്യാൻ അവസരം ലഭിച്ചാലോ? ഞെട്ടണ്ട, സംഭവം സത്യമാണ്. അടുത്ത വർഷം മുതൽ വിമാനത്തിൽ നിന്ന് യാത്ര ചെയ്യാൻ സഹായിക്കുന്ന സ്റ്റാൻഡിംഗ് സീറ്റുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇറ്റാലിയൻ എയ്‌റോസ്‌പേസ് നിർമ്മാതാക്കളായ ഏവിയോ ഇന്റീരിയേഴ്സ്. ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറയുകയും ഹ്രസ്വദൂര വിമാനങ്ങളെ പൂർണ്ണമായി നവീകരിക്കുകയും ചെയ്യുന്ന ഒരു ഭാവിയിലേക്ക് പറന്നുകയറാൻ വിവിധ ബജറ്റ് എയർലൈനുകളും തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
സ്കൈറൈഡർ 2.0 വികസിപ്പിച്ചെടുത്ത ഏവിയോ ഇന്റീരിയേഴ്‌സിൽ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് പുറത്തുവന്നിരിക്കുന്നത്. വൈകാതെ തന്നെ സ്റ്റാൻഡിംഗ് ഒൺലി സീറ്റുകൾ യാഥാർത്ഥ്യമാകുമെന്നാണ് റിപ്പോർട്ട്. ജിംനേഷ്യങ്ങളിലെ ഉപകരണങ്ങളെ പോലെ തോന്നിക്കുന്ന സ്റ്റാൻഡിംഗ് സീറ്റുകൾ വ്യോമയാന മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് ഇരിക്കുന്നതിനുപകരം ചാരിനിൽക്കുന്ന അനുഭവമാണ് ഇത്തരം സീറ്റുകൾ സമ്മാനിക്കുക. പരമ്പരാഗത എയർലൈൻ സീറ്റുകളെ അപേക്ഷിച്ച് യാത്രക്കാരെ സെമി-സ്റ്റാൻഡിംഗ് പൊസിഷനിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും.
2026 ആകുമ്പോഴേക്കും ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാനും ഹ്രസ്വദൂര യാത്രകളിൽ വലിയ മാറ്റം വരുത്താനും കഴിയുന്ന ഒരു നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ സീറ്റുകൾ ഉൾപ്പെടുത്തുന്നതോടെ ഓരോ വിമാനത്തിനും 20% വരെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് വരുമാനം വർദ്ധിപ്പിക്കുന്നതിനും ആളുകളെ കൂടുതലായി വിമാന യാത്രയിലേയ്ക്ക് ആകർഷിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2 മണിക്കൂറിൽ താഴെ മാത്രം യാത്രാ സമയം ആവശ്യമായ വിമാനങ്ങളിലാണ് സ്റ്റാൻഡിംഗ് സീറ്റുകൾ പരിഗണിക്കുന്നത്. 35,000 അടി ഉയരത്തിൽ യാത്രക്കാർക്ക് 90 മിനിറ്റ് നിൽക്കാൻ കഴിയുമോയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ഈ ആശയത്തെ അംഗീകരിക്കുമോയെന്നുമുള്ള കാര്യങ്ങളൊക്കെ ചോദ്യചിഹ്നങ്ങളായി അവശേഷിക്കുകയാണ്. ഇത്തരം സീറ്റുകൾ വിമാന യാത്ര കൂടുതൽ പ്രോത്സാഹിപ്പിക്കാൻ സഹായിച്ചേക്കാമെങ്കിലും വില കുറഞ്ഞ ടിക്കറ്റിനായി ആളുകൾ എത്രത്തോളം വിട്ടുവീഴ്ച ചെയ്യുമെന്ന കാര്യം കണ്ടറിയണം. ഏതായാലും ഇത് വെറുമൊരു വിമാന കഥയല്ല. വിമാന യാത്രാ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്.
© Copyright 2024. All Rights Reserved