
കയ്റോ . രണ്ടു വർഷം നീണ്ട ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസ്, ഈജിപ്‌ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്‌ഥതയിലാണു കരാർ സാധ്യമായത്. കരാർ ഒപ്പുവയ്ക്കാനുള്ള രാജ്യാന്തര ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപിനെ കുടാതെ വിവിധ ലോക നേതാക്കൾ ഈജിപ്തിലെത്തിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പങ്കെടുത്തില്ല.
ഇസ്രയേൽ പൗരൻമാരായ ബന്ദികളെ ഹമാസും, തടവിലുള്ള പലസ്തീൻ പൗരൻമാരെ ഇസ്രയേലും കരാറിൻ്റെ ഭാഗമായി മോചിപ്പിച്ചു. ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ഉച്ചകോടി ചർച്ച ചെയ്‌ത് അംഗീകരിച്ചു. ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനിടെയാണ് ഈജിപ്‌തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്‌ത് പ്രസിഡൻ്റ് അബ്‌ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടി നടന്നത്. പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം പുലരുന്നതിനു വേണ്ട നടപടികളും ഇന്നത്തെ ഉച്ചകോടി സമഗ്രമായി ചർച്ചചെയ്‌തു. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു.
2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഏതാണ്ട് 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 67,160 പലസ്‌തീൻകാർ കൊല്ലപ്പെട്ടു.
















© Copyright 2025. All Rights Reserved