
ദില്ലി : ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുമായി ഇന്ത്യ അടുക്കുന്നതിന് അമേരിക്കയ്ക്ക് യാതൊരു രീതിയിലുമുള്ള പ്രശ്നങ്ങളില്ലെന്നും ഇരു രാജ്യങ്ങൾക്കും അവരവരുടെ തകർന്ന സമ്പദ്‌വ്യവസ്ഥകളുമായി വീണ്ടും താഴേക്ക് കൂപ്പു കുത്താമെന്നും ട്രംപ് പരിഹസിച്ചു. ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഈ പരാമർശം. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ പ്രസ്താവന.
'ഇന്ത്യ റഷ്യയുമായി എന്ത് ചെയ്യുന്നുവെന്നത് അമേരിക്കയെ സംബന്ധിച്ച് പ്രശ്നമല്ല. റഷ്യക്കും ഇന്ത്യക്കും അവരുടെ തകർന്ന സമ്പദ്‌വ്യവസ്ഥകളുമായി ഒരുമിച്ച് വീണ്ടും കൂപ്പുകുത്താം. ഇന്ത്യയുമായി അമേരിക്ക വളരെ കുറഞ്ഞ രീതിയിലുള്ള വ്യാപാരം മാത്രമേ നടത്തുന്നുള്ളു. എന്നാൽ ഇന്ത്യ അമേരിക്കൻ ഉത്പ്പന്നങ്ങൾക്ക് ചുമത്തുന്ന തീരുവകൾ വളരെ കൂടുതലാണ്. ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയുടേത്. അതുപോലെ, റഷ്യയുമായി അമേരിക്ക കാര്യമായ വ്യാപാരങ്ങൾ നടത്തുന്നില്ലെന്നും ട്രംപ് കുറിച്ചു.
ഇന്നലെയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി അമേരിക്കയുടെ നിർണായക പ്രഖ്യാപനമുണ്ടായത്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25% തീരുവയും, റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങിയതിന് അനിശ്ചിത പിഴയുമാണ് അമേരിക്ക ചുമത്തിയത്. ഓഗസ്റ്റ് 1 മുതൽ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതായിരുന്നു. ഇന്ത്യയുമായി വ്യാപാരക്കരാറിൽ എത്താൻ കഴിയാത്തതിന് പിന്നാലെയാണ് അധിക തീരുവ പ്രഖ്യാപനം.
റഷ്യയുമായുള്ള വ്യാപാര കരാറുകളും ഇടപാടുകളുമാണ് ട്രംപിനെ കൂടുതൽ ചൊടിപ്പിക്കുന്നത്. അമേരിക്കയുടെ 25 ശതമാനം അധിക തീരുവകളുടെ പ്രത്യാഘാതം വിലയിരുത്തി വരികയാണെന്നും, യുഎസുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യയും അറിയിച്ചു. അതേ സമയം, ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയിൽ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.
















© Copyright 2025. All Rights Reserved