
കാബൂൾ: ഇന്ത്യയിലേക്ക് നയതന്ത്ര പ്രതിനിധികളെ നിയോഗിച്ച് താലിബാൻ. ആദ്യ പ്രതിനിധി ഈ മാസം തന്നെ ദില്ലിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ ആശ്രയിക്കാൻ കഴിയുന്ന പങ്കാളിയെന്നും താലിബാൻ പ്രതികരിച്ചു. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിലെ ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് പുതിയ നീക്കം.
താലിബാന് ഇന്ത്യയിൽ എംബസി തുറക്കാൻ അനുവാദം നൽകണം എന്നായിരുന്നു താലിബാൻ വിദേശശകാര്യ മന്ത്രി ഇന്ത്യയിൽ എത്തിയപ്പോൾ ഉന്നയിച്ച പ്രധാന ആവശ്യം. ദില്ലിയിലെ അഫ്ഗാൻ എംബസി കൈമാറാൻ തീരുമാനമുണ്ടായേക്കും. നേരത്തയുണ്ടായിരുന്ന സർക്കാരിന്‍റെ പ്രതിനിധികളാണ് നിലവിൽ അവിടെയുള്ളത്. അവർ നിയന്ത്രണം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
താലിബാന്‍റെ ഒരു നയതന്ത്ര പ്രതിനിധിക്ക് ഇന്ത്യയിൽ വരാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ജനുവരിയിൽ ഒരു പ്രതിനിധി കൂടി എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായി നല്ല ബന്ധമാണ് ഇപ്പോഴുള്ളതെന്നും ഇന്ത്യ വിശ്വസിക്കാവുന്ന പങ്കാളിയാണെന്നും താലിബാൻ വക്താവ് പ്രതികരിച്ചു. താലിബാൻ പാകിസ്ഥാനോട് അകലുകയും ഇന്ത്യയോട് അടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.
നേരത്തെ കാബൂളിൽ വീണ്ടും ഇന്ത്യൻ എംബസി തുറന്നതിനെ താലിബാൻ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് താലിബാൻ പ്രതിരോധമന്ത്രി മുല്ല യാക്കൂബ് അഫ്ഗാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പാകിസ്ഥാൻ സംഘർഷത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ പ്രചാരണം യാക്കൂബ് തള്ളി. താലിബാൻ സ്ഥാപകൻ മുല്ല ഉമറിൻറെ മകനാണ് യാക്കൂബ്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ടെക്നിക്കൽ മിഷനെയാണ് ഇന്ത്യൻ എംബസിയായി ഉയർത്തിയത്. താലിബാൻ ഭരണകൂടവുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് നീക്കം. നാല് വർഷം മുൻപ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചപ്പോൾ അടച്ച എംബസിയാണ് വീണ്ടും തുറന്നത്. അഫ്ഗാനിസ്ഥാന്‍റെ സമഗ്ര വികസനത്തിന് ഇന്ത്യൻ എംബസി വലിയ സംഭാവന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
















© Copyright 2025. All Rights Reserved