ഇന്ത്യയുടെ ചെറിയ നടപടി പോലും ​ഗുരുതര പ്രത്യാഘാതമുണ്ടാക്കും, പാകിസ്ഥാൻ അങ്ങേയറ്റം അപകടത്തിലാകുമെന്ന് റിപ്പോർട്ട്

01/11/25

ദില്ലി: ജലസേചനത്തിനും മറ്റുമായി സിന്ധു നദീതടത്തിലെ ജലത്തെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, നദിയിലെ ഇന്ത്യയുടെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ആദ്യം ഇന്ത്യ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) താൽക്കാലികമായി നിർത്തിവച്ചതിനുശേഷം പാകിസ്ഥാന്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നും ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് 2025 പറയുന്നു. സിഡ്‌നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിന്ധുവിന്റെയും അതിന്റെ പോഷകനദികളുടെയും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധിനദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. 

പാകിസ്ഥാനിലെ കാർഷികാവശ്യങ്ങൾക്കായി 80 ശതമാനവും സിന്ധുനദീജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്ഥാനിലെ അണക്കെട്ടുകൾക്ക് നിലവിൽ 30 ദിവസത്തേക്കുള്ള ജലം മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതുകൊണ്ടുതന്നെ ജലം സംബന്ധിച്ച ഇന്ത്യയുടെ ഏതൊരു നടപടിയും പാകിസ്ഥാനെ ​ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താൽ, പാകിസ്ഥാനിലെ ജനസാന്ദ്രതയുള്ള സമതലങ്ങൾ ശൈത്യകാലത്തും വേനൽക്കാലത്തും കടുത്ത ജലക്ഷാമം നേരിടേണ്ടിവരും. എന്നാൽ, നദിയുടെ ഒഴുക്ക് പൂർണമായി തടയാനുള്ള സൗകര്യം നിലവിൽ ഇന്ത്യക്കില്ല. എങ്കിലും ചെറിയ തടസ്സങ്ങൾ പോലും പാകിസ്ഥാന്റെ കാർഷിക മേഖലയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

മെയിൽ ഇന്ത്യ ചെനാബ് നദിയിലെ സലാൽ, ബാഗ്ലിഹാർ അണക്കെട്ടുകളിൽ റിസർവോയർ ഫ്ലഷിംഗ് പ്രവർത്തനങ്ങൾ നടത്തി. ജലസംഭരണികൾ വറ്റിച്ച് ചെളി നീക്കം ചെയ്യുന്ന ഈ പ്രക്രിയ, ഉടമ്പടി പ്രകാരം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ പാകിസ്ഥാനെ അറിയിക്കാതെയാണ് ഇന്ത്യ അണക്കെട്ടുകളിലെ ചെളി നീക്കിയത്. ഈ നടപടി കാരണം പാകിസ്ഥാനിലെ പഞ്ചാബിലെ ചെനാബ് നദിയുടെ ചില ഭാഗങ്ങൾ ദിവസങ്ങളോളം വരണ്ടു. 1960-ൽ ഒപ്പുവച്ചതും ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാകിസ്ഥാനും സിന്ധുനദീജലക്കരാറിൽ ഒപ്പിട്ടത്. സിന്ധു നദിയുടെയും അതിന്റെ ആറ് പ്രധാന പോഷകനദികളുടെയും ജല ഉപയോ​ഗവും വിതരണവുമാണ് കരാറിന്റെ കാതൽ.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu