ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മേയ് 7ന് ആരംഭിച്ച സംഘര്‍ഷത്തില്‍ പാകിസ്ഥാനെ തുര്‍ക്കി ആയുധം നല്‍കി സഹായിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍, തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യയില്‍ ആഹ്വാനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പാകിസ്ഥാന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. നിലവില്‍ തുര്‍ക്കി ചില സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇന്ത്യയുടെ കോപം തുര്‍ക്കി ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
തുര്‍ക്കിയുടെ സാമ്പത്തിക സ്ഥിതി എങ്ങനെ?
കറന്‍സിയായ ലിറയെ സ്ഥിരപ്പെടുത്താന്‍ ഉയര്‍ന്ന പലിശയിലുള്ള സര്‍ക്കാര്‍ ബോണ്ടുകളെ ആശ്രയിച്ചുള്ള തുര്‍ക്കിയുടെ സാമ്പത്തിക മാതൃക തകര്‍ന്നുകൊണ്ടിരിക്കുകയാണ്. തുര്‍ക്കിഷ് ലിറയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. സ്ഥിരത കൈവരിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ വിഫലമാകുകയാണ്. 2025 മാര്‍ച്ച് വരെ, തുര്‍ക്കിയുടെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരം ഏകദേശം 85 ബില്യണ്‍ ഡോളറാണ്. എന്നാല്‍ കടങ്ങളും സ്വാപ്പ് കരാറുകളും കണക്കിലെടുക്കുമ്പോള്‍, അറ്റ കരുതല്‍ ശേഖരം പൂജ്യത്തിന് അടുത്തോ അല്ലെങ്കില്‍ നെഗറ്റീവോ ആണ്. ലഭ്യമായ യഥാര്‍ത്ഥ കരുതല്‍ ശേഖരം 20-40 ബില്യണ്‍ ഡോളര്‍ മാത്രമായിരിക്കാം.
ഇന്ത്യയുടെ 'തുര്‍ക്കി ബഹിഷ്കരണം' എങ്ങനെ തകര്‍ച്ചയെ രൂക്ഷമാക്കും?
ടൂറിസത്തിന്‍ മേലുള്ള ആഘാതം: ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് തുര്‍ക്കി. എന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കിയുടെ നിലപാട് കാരണം, ഇക്സിഗോ, ഈസ്മൈട്രിപ്പ്, കോക്സ് & കിംഗ്സ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സികള്‍ തുര്‍ക്കിയിലേക്കുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവച്ചു. ഇക്സിഗോ തുര്‍ക്കി, ചൈന, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന, ഹോട്ടല്‍ ബുക്കിംഗുകളും റദ്ദാക്കി. കൂടാതെ, ട്രാവല്‍ ഏജന്‍റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തുര്‍ക്കിയിലേക്കുള്ള ടൂര്‍ പാക്കേജുകളുടെ പ്രമോഷനും വില്‍പ്പനയും നിര്‍ത്താന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ കൂട്ടായ നടപടി ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുകയും തുര്‍ക്കിയുടെ ടൂറിസം വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 2024 ല്‍ തുര്‍ക്കി ടൂറിസത്തില്‍ നിന്ന് 61.1 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയിരുന്നു, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 8.3% കൂടുതലാണ്. 62.2 ദശലക്ഷം സന്ദര്‍ശകരാണ് ഈ കാലയളവില്‍ തുര്‍ക്കിയിലെത്തിയത്. ഇത് 2023 നെ അപേക്ഷിച്ച് 9% വര്‍ദ്ധനവാണ്. 2024 ല്‍ ഒരു സന്ദര്‍ശകന്‍റെ ശരാശരി ചെലവ് 972 ഡോളറായിരുന്നു. തുര്‍ക്കി സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം 3,30,000 ഇന്ത്യക്കാര്‍ തുര്‍ക്കി സന്ദര്‍ശിച്ചു, ഇത് 2014 ലെ 119,503 സന്ദര്‍ശകരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.
വ്യാപാര ബന്ധങ്ങള്‍: 2022-23 ല്‍ ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 13.81 ബില്യണ്‍ ഡോളറായിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ന്യൂക്ലിയര്‍ റിയാക്ടറുകള്‍, വിവിധ ചരക്കുകള്‍ എന്നിവയായിരുന്നു തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത പ്രധാന ഉല്‍പ്പന്നങ്ങള്‍. പൂനെയിലെ വ്യാപാരികള്‍ തുര്‍ക്കി ആപ്പിള്‍ ബഹിഷ്കരിച്ചത് പോലെ, ഈ ബഹിഷ്കരണം മറ്റ് മേഖലകളിലേക്കും വ്യാപിക്കുകയാണെങ്കില്‍, ഇരു രാജ്യങ്ങളുടെയും സുപ്രധാന വ്യാപാര ബന്ധത്തെ ഇത് തടസ്സപ്പെടുത്തുകയും തുര്‍ക്കി കയറ്റുമതിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം നേരി്ടുകയും ചെയ്യും.
നിക്ഷേപം: തുര്‍ക്കിയുടെ ഇന്ത്യയിലെ നിക്ഷേപം 210.47 മില്യണ്‍ ഡോളറാണ്, അതേസമയം ഇന്ത്യയുടെ തുര്‍ക്കിയിലെ നിക്ഷേപം ഏകദേശം 126 മില്യണ്‍ ഡോളറാണ്. നിലവിലെ സംഘര്‍ഷങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിയിലെ നിക്ഷേപങ്ങളെയും സഹകരണത്തെയും തടസ്സപ്പെടുത്തുകയും ദീര്‍ഘകാല സാമ്പത്തിക, നയതന്ത്ര ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പ്രതിരോധ മേഖലയിലെ നഷ്ടം: കഴിഞ്ഞ വര്‍ഷം തുര്‍ക്കിയുടെ ടിഎഐഎഎസ് കണ്‍സോര്‍ഷ്യവുമായി ഇന്ത്യയുടെ 2.3 ബില്യണ്‍ ഡോളറിന്‍റെ കപ്പല്‍ നിര്‍മ്മാണ കരാര്‍ റദ്ദാക്കിയത് തുര്‍ക്കിയുടെ പ്രതിരോധ വ്യവസായത്തിന് വലിയ സാമ്പത്തിക തിരിച്ചടിയാണ്. ഇന്ത്യന്‍ നാവികസേനയ്ക്ക് അഞ്ച് ഫ്ലീറ്റ് സപ്പോര്‍ട്ട് ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ളതായിരുന്നു ഈ കരാര്‍. ഇതില്‍ തുര്‍ക്കിഷ് കമ്പനികള്‍ രൂപകല്‍പ്പനയും എഞ്ചിനീയറിംഗ് പിന്തുണയും നല്‍കേണ്ടതായിരുന്നു.
© Copyright 2024. All Rights Reserved