റിയാദ്: ഇന്ത്യൻ സർവ്വകക്ഷി സംഘം സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ സദിയിലെത്തി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. മിനാ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരുരാജ്യത്തെയും ഉന്നത നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം ചർച്ചയായെന്നാണ് സൂചന. മേഖലയിലെ സംഭവ വികാസങ്ങൾ ചർച്ചയായെന്നും, സ്ഥിരതയും സമാധാനവും ഉറപ്പാക്കാനുള്ള വഴികൾ ചർച്ച ചെയ്തെന്നും സൗദി പ്രസ് ഏജൻസി അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി ഉൾപ്പടെ പ്രധാന നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. പാക്കിസ്ഥാനി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്‍ഹാഖ ദർ, ചീഫ് ഓഫ് ആർമി സ്റ്റാഫ് ഹാഫിസ് സയീദ് അസീം എന്നിവരും പങ്കെടുത്തെന്ന് സൗദി പ്രസ് ഏജൻസി വാർത്താക്കുറിപ്പിൽ പറഞ്ഞു.
അതേസമയം, പാക് പ്രധാനമന്ത്രി - സൗദി കിരീടവകാശി ചർച്ചയ്ക്ക് മുൻപ് തുർക്കി പ്രസിഡന്‍റ് സൗദി കിരീടവകശിയുമായി ഫോണിൽ സംസാരിച്ചു. ഈ സംഭാഷണത്തിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തതായി അറിയിപ്പുകൾ ഇല്ല. ഇതിനിടെ ഇന്ത്യ - പാകിസ്ഥാൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടല്‍ പാകിസ്ഥാൻ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയുമായുള്ള ചര്‍ച്ചകൾ സുഗമമാക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യുഎസ് പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു. ഓപ്പറേഷൻ സിന്ദൂറിന് കാരണമായ അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ഇസ്ലാമാബാദിന്‍റെ പങ്ക് തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഈ നീക്കം.
ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഇന്ത്യയുമായുള്ള സാഹചര്യം ലഘൂകരിക്കുന്നതിൽ ഡോണാൾഡ് ട്രംപിന്‍റെ പങ്കിനെ ഷെഹബാസ് ഷെരീഫ് പ്രശംസിച്ചു. എന്നാൽ, ഈ അവകാശവാദം ഇന്ത്യ പരസ്യമായി നിഷേധിച്ചിരുന്നു. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി വിഷയങ്ങളിൽ കശ്മീർ പ്രശ്നം ഉൾപ്പെടെ, മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെ ഇന്ത്യ തള്ളിയിട്ടുണ്ട്.
© Copyright 2024. All Rights Reserved