
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വിവാദ പരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്റെ അതിർത്തി പ്രശ്നങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന തരത്തിലായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്ന് സമ ടിവിയോട് സംസാരിക്കവെ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ ഇരട്ട യുദ്ധത്തിന് തയാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിർത്തിയിൽ ഇന്ത്യൻ പ്രകോപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആസിഫ്.
അതിർത്തിയിൽ ഇന്ത്യയുടെ പ്രകോപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുഭാഗങ്ങളിൽ നിന്നും യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ തന്ത്രങ്ങൾ നിലവിലുണ്ടെന്നും അവ പരസ്യമായി ചർച്ച ചെയ്യാൻ കഴിയില്ലെന്നും ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാറായണെന്നും ആസിഫ് മറുപടി നൽകി. നേരത്തെ ഇന്ത്യയ്ക്കുവേണ്ടി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ നിഴൽ യുദ്ധം നടത്തുകയാണെന്നും ആസിഫ് ആരോപിച്ചിരുന്നു.
പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഏറ്റുമുട്ടലുകളിൽ ഡസൻ കണക്കിന് സൈനികരും സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഇരുരാജ്യങ്ങളും 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചിരുന്നു. പാകിസ്ഥാനുമായുള്ള തെക്കൻ അതിർത്തിയുടെ ചില ഭാഗങ്ങളിൽ താലിബാൻ ആക്രമണം ആരംഭിച്ചിരുന്നു.
















© Copyright 2025. All Rights Reserved