ദില്ലി: ഇലോണ്‍ മസ്ക് ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നെന്ന് മസ്കിന്‍റെ പിതാവ്. എന്‍ഡിടിവിക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് എറോള്‍ മസ്ക് മകന്‍ ഇന്ത്യ സന്ദര്‍ശിക്കേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞത്. ഇന്ത്യയില്‍ വന്നിട്ടില്ലെങ്കില്‍ അതൊരു വലിയ തെറ്റാണെന്നും ഇന്ത്യ സന്ദര്‍ശിക്കണമെന്നും ഇലോണ്‍ മസ്കിനെ പിതാവ് ഉപദേശിക്കുന്നുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ വ്യവസായിയാണ് ഇലോണ്‍ മസ്കിന്‍റെ പിതാവ് എറോള്‍ മസ്ക്.
ടെസ്ലയും, സ്‌പേസ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന ദാതാവായ സ്റ്റാര്‍ലിങ്കും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുമ്പോഴാണ് മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കണമെന്ന പിതാവിന്റെ ഉപദേശം. സന്ദര്‍ശനം നടക്കുകയാണെങ്കില്‍ നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകള്‍ അടക്കമുള്ളവയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യ സന്ദര്‍ശിക്കണം എന്ന ഉപദേശം കൂടാതെ മറ്റു ചില ഉപദേശങ്ങള്‍ കൂടി പിതാവ് ഇലോണ്‍ മസ്കിന് നല്‍കിയിട്ടുണ്ട്. വിശ്രമിക്കണം, ഇടവേളയെടുക്കണം ഇങ്ങനെ പോകുന്നു എറോളിന്‍റെ ഉപദേശങ്ങള്‍.
© Copyright 2024. All Rights Reserved