
ടെഹ്റാൻ ഇസ്രയേൽ നഗരമായ ഹൈഫയിൽ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിനു പിന്നാലെ ഹൈഫ നഗരത്തിൽ വലിയ തീപിടുത്തം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തിൽ ഹൈഫയിൽ ഇതുവരെ നാലു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിലേക്ക് ഇറാന്റെ മിസൈൽ വർഷം തുടരുകയാണ്. ജറുസലമിൽ സൈറണുകൾ മുഴങ്ങുകയാണ്. ടെൽ അവീവിലേക്കും ഇറാൻ മിസൈൽ വർഷം തുടരുന്നുണ്ട്. വ്യോമാക്രമണം രൂക്ഷമായതോടെ തെക്ക്-പടിഞ്ഞാറൻ ഇസ്രയേലിൽ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു. ഇൻ്റലിജൻസ് മേധാവി മുഹമ്മദ് കസേമിയും മറ്റ് രണ്ട് ജനറൽമാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാൻ റവല്യൂഷണറി ഗാർഡ് സ്‌ഥിരീകരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്‌ഥരും ആണവ ശാസ്ത്രജ്‌ഞരും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 65 മണിക്കൂർ നീണ്ട ഇസ്രയേൽ ആക്രമണത്തിൽ 244 പേർ ഇറാനിൽ കൊല്ലപ്പെട്ടതായും റവല്യൂഷണറി ഗാർഡ് സ്‌ഥിരീകരിച്ചു. 1,200 ലധികം പേർക്ക് പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരിൽ 90 ശതമാനവും സാധാരണക്കാരായിരുന്നുവെന്നും ഇറാനിയൻ മന്ത്രാലയം അറിയിച്ചു.
"ഇസ്രയേൽ ആക്രമണങ്ങൾക്ക് 'വിനാശകരമായ മറുപടി' ഉണ്ടാകും. ഇറാന്റെ ധീരരായ പോരാളികളുടെ വിനാശകരമായ പ്രതികരണത്തിൻ്റെ വ്യാപ്‌തി തീർച്ചയായും ഇസ്രയേൽ തിരിച്ചറിയും. അധിനിവേശ പ്രദേശങ്ങൾ വിട്ടുപോകുക, കാരണം ഭാവിയിൽ അത് വാസയോഗ്യമായിരിക്കില്ല. ഇസ്രയേലി ഷെൽട്ടറുകൾ ഞങ്ങൾ തകർക്കും" - ഇറാൻ സായുധ സേനയുടെ വക്‌താവ് കേണൽ റെസ സയ്യദ് മുന്നറിയിപ്പ് നൽകി.
















© Copyright 2025. All Rights Reserved