‘ഇമ്രാൻ ഖാനെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെടില്ല; പൊതുജനം അദ്ദേഹത്തിന്റെ പിന്നിലുണ്ട്’: സഹോദരി നൊറിൻ നിയാസി

29/11/25

ലാഹോർ . പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജയിൽവാസ വ്യവസ്‌ഥകളെ വിമർശിച്ചു സഹോദരി നൊറിൻ നിയാസി രംഗത്ത്. അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാനുള്ള അധികാരികളുടെ ശ്രമം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നും സഹോദരി പറഞ്ഞു.

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ്റെ അവസ്‌ഥ വളരെ ദയനീയമാണെന്ന് സഹോദരി നിയാസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജയിലിലെ അദ്ദേഹത്തിൻറെ അവസ്‌ഥയെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികൾ മനഃപൂർവം മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള അവകാശം നിഷേധിക്കുകയാണെന്നുമായിരുന്നു അവർ ഉന്നയിച്ച ആരോപണങ്ങൾ.

"ഇമ്രാൻ ഖാനെ ശാരീരികമായി ഉപദ്രവിക്കാൻ ആരും ധൈര്യപ്പെടില്ല. കാരണം അതൊരു ചുവന്ന വരയാണ്. ആ വര ഭേദിച്ച് അങ്ങനെ ചെയ്താൽ രാജ്യം അരാജകത്വത്തിലാകും കാരണം പൊതുജനങ്ങൾ അദ്ദേഹത്തിന്റെ പിന്നിലുണ്ട്, അവർ അദ്ദേഹത്തെ കാണാൻ കാത്തിരിക്കുകയാണ്. അതിനാലാണ് അധികാരികൾ അദ്ദേഹത്തെ ഒന്നും ചെയ്യാൻ ധൈര്യപ്പെടാത്തത് - നിയാസി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

അതേസമയം ഇമ്രാൻ ഖാൻറെ ജയിൽവാസ വ്യവസ്‌ഥകളെ നിയാസി വിമർശിച്ചു. "തടവുകാരെ നാല് ദിവസത്തിൽ കൂടുതൽ ഏകാന്ത തടവിൽ പാർപ്പിക്കേണ്ടതില്ല, എന്നാൽ ഏകദേശം ഒരു മാസത്തോളം അദ്ദേഹം ഏകാന്ത തടവിലായിരുന്നു. അദ്ദേഹത്തെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിന് തുല്യമാണിത്. ഇത് ജയിൽ മാനുവൽ അനുസരിച്ച് കുറ്റമാണ്. അദ്ദേഹത്തിൻറെ സന്ദേശങ്ങൾ ജയിലിന് പുറത്തെത്താതിരിക്കാൻ അധികാരികൾ കുടുംബയോഗങ്ങൾ വരെ നിരസിക്കുകയാണ്. അദ്ദേഹത്തിൻറെ നീതിക്ക് വേണ്ടി ഞങ്ങൾ നിലകൊള്ളു. അദ്ദേഹത്തിന് നീതി ലഭിക്കും - നിയാസി കൂട്ടിച്ചേർത്തു.

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ജയിൽ അധികൃതർ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇമ്രാൻ പൂർണ ആരോഗ്യവാനാണെന്നും ഇക്കാര്യം പാക്കിസ്‌ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) നേതൃത്വത്തെ അറിയിച്ചതായും അധികൃതർ പറഞ്ഞു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 ഓഗസ്‌റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ മരിച്ചതായി കഴിഞ്ഞ ദിവസമാണു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu