
ദുബായ് ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ- പ്രാദേശിക സ്‌ഥിരതയ്ക്കും നിഷ്‌പക്ഷതയ്ക്കും തങ്ങൾ പ്രതിബദ്ധരാണെന്നു യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യുഎഇയുടെ പ്രഖ്യാപനം. സൈനിക വ്യൂഹം ഇറാൻ്റെ ദിശയിലേക്ക് നീങ്ങുകയാണെന്നും സൈനിക ശക്‌തി ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രത്യാശിക്കുന്നതായും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ പ്രതിഷേധക്കാരെ കൊല്ലരുതെന്നും ആണവ പരിപാടികൾ പുനഃരാരംഭിക്കരുതെന്നും മുന്നറിയിപ്പും നൽകി.
ഇറാനിൽ ഭരണകുടത്തിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. 1979 ലെ വിപ്ലവത്തിന് ശേഷം ഇറാൻ ഭരണകുടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് ഈ ജനകീയ പ്രക്ഷോഭങ്ങളെ മനുഷ്യാവകാശ സംഘടനകൾ വിശേഷിപ്പിക്കുന്നത്.
യുഎസിനു മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം ഇറാൻ രംഗത്തെത്തിയിരുന്നു. തകർന്ന വിമാനങ്ങൾ ഒരു വിമാനവാഹിനിക്കപ്പലിൽ കിടക്കുന്നതിന്റെ ദൃശ്യത്തിനൊപ്പം 'കാറ്റുവിതയ്ക്കുന്നവർ കൊടുങ്കാറ്റ് കൊയ്യും' എന്നു ടെഹ്റാനിലെ പ്രധാന ചത്വരത്തിലെ പ്രദർശന ബോർഡിൽ എഴുതിയായിരുന്നു മുന്നറിയിപ്പ്. യുഎസ് യുദ്ധക്കപ്പലുകൾ മേഖലയിലേക്കു പുനർവിന്യസിക്കാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണ് ഇറാൻ്റെ ഭീഷണിസ്വരം.
















© Copyright 2025. All Rights Reserved