
ദുബായ് . ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ബങ്കർ ബർ ബോംബുകളും ക്രൂസ് മിസൈലുകളും ഉപയോഗിച്ചുള്ള യുഎസ് ആക്രമണം കാര്യമായ നാശനഷ്‌ടമൊന്നും വരുത്തിയില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു, പന്ത്രണ്ടു ദിവസം നീണ്ട ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ യൂഎസ് ഡോണൾഡ് ട്രംപ് ഇടപെട്ട് വെടിനിർത്തലായ ശേഷം ഇതാദ്യമാണ് ഖമനയിയുടെ പരസ്യപ്രസ്താവന. റിക്കോർഡ് ചെയ്‌ത 10 മിനിറ്റ് പ്രസംഗം ഇറാൻ സർക്കാർ ടിവിയിൽ ഇന്നലെ സംപ്രേഷണം ചെയ്തു.
ഇറാനെതിരെ ആക്രമണത്തിന് യുഎസ് ഇനി തുനിയരുതെന്ന് ഖമനയി മുന്നറിയിപ്പു നൽകി. ഖത്തറിലെ സേനാതാവളത്തിൽ ഇറാൻ നടത്തിയ പ്രഹരം അമേരിക്കയ്ക്ക് മുഖത്തടി കിട്ടിയതുപോലെയായിരുന്നെന്നും പറഞ്ഞു. യു.എസ് ആക്രമണത്തിലൂടെ ഇറാൻ്റെ ആണവപദ്ധതിയെ പൂർണമായും തുടച്ചുനീക്കിയെന്ന ട്രംപിൻ്റെ അവകാശവാദം അതിശയോക്തി കലർന്നതാണെന്നും ഖമനയി ആരോപിച്ചു. 'വിശേഷിച്ച് ഒന്നും അവർ നേടിയില്ല' - അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രയേൽ ആക്രമണം രൂക്ഷമായതോടെ ഖമനയി രഹസ്യകേന്ദ്രത്തിലേക്കു മാറിയിരുന്നു. ഇതിനിടെ, ഇസ്രയേൽ, യുഎസ് ആക്രമണങ്ങൾ മൂലം ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് വളരെ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് യു.എന്നിന്റെ ആണവോർജ ഏജൻസി ഡയറക്‌ടർ റഫയേൽ ഗ്രോസി ഇന്നലെ പറഞ്ഞു. നിശ്ശേഷം നശിപ്പിക്കപ്പെട്ടെന്നു പറയാനാകില്ലെങ്കിലും വലിയ തോതിലുള്ള കേടുപാട് സംഭവിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
















© Copyright 2025. All Rights Reserved