ഒസ്ലോ: രാജ്യത്ത് പുതിയ ടൂറിസ്റ്റ് ടാക്സ് നടപ്പിലാക്കാനൊരുങ്ങി നോർവെ. സമീപകാലത്തായി രാജ്യത്ത് വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഓവർ ടൂറിസം തടയുന്നതിനായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ സമാനമായ തീരുമാനങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്. ഇറ്റലിയും ടൂറിസ്റ്റ് ടാക്സ് നടപ്പിലാക്കാനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.
വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന പ്രദേശങ്ങളിൽ രാത്രി താമസത്തിന് 3% നികുതി ചുമത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കുന്ന ടൂറിസ്റ്റ് ടാക്സിനാണ് നോർവീജിയൻ പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയത്. സീസണൽ ഡിമാൻഡ് അടിസ്ഥാനമാക്കി നിരക്ക് ക്രമീകരിക്കാൻ മുനിസിപ്പാലിറ്റികൾക്ക് വിവേചനാധികാരമുണ്ട്. ഈ നികുതിയിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാത്രമായി നീക്കിവെയ്ക്കും. ഇത് സന്ദർശകർക്കും പ്രദേശവാസികൾക്കും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പടെത്തിയ ലോഫോടെൻ ദ്വീപുകൾ, ട്രോംസോ പോലെയുള്ള ജനപ്രിയ ഡെസ്റ്റിനേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്തുന്നത്. നോർവേയുടെ വ്യാപാര വ്യവസായ മന്ത്രി സെസിലി മിർസെത്ത് ഈ കരാറിനെ ചരിത്രപരമായ ചുവടുവയ്പ്പ് എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, സമീപ കാലത്ത് നോർവേയിലെ വിനോദസഞ്ചാര മേഖലയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 38.6 ദശലക്ഷം സന്ദർശകരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ താമസ സൌകര്യങ്ങൾ ബുക്ക് ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തേക്കാൾ 4.2% വർധനവാണുണ്ടായത്. സന്ദർശകരുടെ എണ്ണത്തിലെ വർദ്ധനവ് തദ്ദേശവാസികളിൽ, പ്രത്യേകിച്ച് മുമ്പ് വിനോദസഞ്ചാരികൾ കുറവായിരുന്ന പ്രദേശങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ഒഴുക്ക് പ്രാദേശിക വിഭവങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിലയിരുത്തൽ. ട്രോംസോയിൽ, അടുത്തിടെ നടത്തിയ ഒരു സർവേയിൽ 77% നിവാസികൾ വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വർധനവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു.
ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്തുന്നതിനെ അനുകൂലിച്ചും എതിർത്തും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ടൂറിസ്റ്റ് ടാക്സ് ആവശ്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, കോൺഫെഡറേഷൻ ഓഫ് നോർവീജിയൻ എന്റർപ്രൈസസിന്റെ ട്രാവൽ ആൻഡ് ടൂറിസം ബ്രാഞ്ച് ടൂറിസ്റ്റ് നികുതി ‘ഭ്രാന്തൻ’ തീരുമാനമെന്നാണ് വിശേഷിപ്പിച്ചത്. ടൂറിസ്റ്റ് ടാക്സ് രാജ്യത്തേയ്ക്ക് വരാൻ തയ്യാറെടുക്കുന്ന വിനോദസഞ്ചാരികളെ പിന്തിരിപ്പിക്കുമെന്ന ആശങ്കയാണ് ട്രാവൽ ആൻഡ് ടൂറിസം ബ്രാഞ്ച് പ്രകടിപ്പിക്കുന്നത്.
2026 വേനൽക്കാലത്ത് തന്നെ ടൂറിസ്റ്റ് നികുതി ഏർപ്പെടുത്തുമെന്നാണ് സൂചന. ടൂറിസ്റ്റ് നികുതി ഏർപ്പെടുത്താനുള്ള നോർവേയുടെ തീരുമാനം അതിവേഗം വളരുന്ന ടൂറിസം മേഖലയുടെ സങ്കീർണ്ണതകൾ കൈകാര്യം ചെയ്യുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ്. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിലുള്ള ആകർഷണം നിലനിർത്താൻ നോർവെ ശ്രമിക്കുമ്പോൾ ഈ നികുതിയുടെ ഫലപ്രാപ്തി ഗൗരവകരമായി ചർച്ച ചെയ്യപ്പെടും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു സുസ്ഥിര ടൂറിസം മാതൃക സൃഷ്ടിക്കുക എന്നതാണ് നോർവേയുടെ ലക്ഷ്യം.
© Copyright 2024. All Rights Reserved