ഇസ്രയേലിനെതിരെ ഒരുമിച്ചുനിൽക്കുമെന്ന് ദോഹ ഉച്ചകോടി

16/09/25

ദുബായ് ഇസ്രയേലിനെ താക്കീതു ചെയ്ത‌ അറബ് - മുസ്ലിം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി സമാപിച്ചു. ഖത്തറിന്റെ പരമാധികാരത്തിനുനേരെയുള്ള ഏതു കടന്നാക്രമണവും അറബ് മുസ്‌ലിം ലോകത്തിനു നേരെയുള്ള ആക്രമണമായി കാണുമെന്നും ദോഹയിൽ നടന്ന ഉച്ചകോടി വ്യക്‌തമാക്കി. ഇസ്രയേൽ ആക്രമണം മേഖലയിലെ ഐക്യത്തിനും സഹവർത്തിത്വത്തിനും ഭീഷണിയുയർത്തുന്നു. പലസ്‌തീനിൽ സമാധാനത്തിന് ഇസ്രയേലിന്റെ നിലപാടുകൾ തടസ്സമാണെന്നും ഉച്ചകോടി കുറ്റപ്പെടുത്തി. കഴിഞ്ഞ 9ന് ഖത്തറിൽ ഹമാസ് നേതാക്കളെ ഉന്നമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, എവിടെയായാലും ഹമാസ് നേതാക്കളെ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും ഖത്തറിനെ തണുപ്പിക്കാനുള്ള നടപടികളിലാണ് അമേരിക്ക. ഖത്തർ പ്രധാനമന്ത്രിക്കു വിരുന്നൊരുക്കിയതിനു പിന്നാലെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ ഇന്നു ദോഹയിലെത്തും. ഖത്തറിനെ ആക്രമിച്ചതിലുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിയോജിപ്പ് ഇസ്രയേലിനെ അറിയിച്ചതായി റുബിയോ പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണത്തെ ഭീരുത്വമെന്നും തെമ്മാടിത്തമെന്നുമാണു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി ഉച്ചകോടിയിൽ വിശേഷിപ്പിച്ചത്. അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാനാണു ഹമാസ് നേതാക്കൾ ദോഹയിൽ എത്തിയതെന്നും അമീർ ചുണ്ടിക്കാട്ടി. അതിനിടെ, ഖത്തറിനെ ആക്രമിച്ചതു ചർച്ച ചെയ്യാൻ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ ഇന്ന് ജനീവയിൽ അടിയന്തര യോഗം ചേരും.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu