
വാഷിങ്ടൻ. ഇസ്രയേലുമായുള്ള 'ഗാസ സമാധാന കരാർ' പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഹമാസിനെ 'ഉന്മൂലനം' ചെയ്യുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. രണ്ട് ഇസ്രയേൽ സൈനികരെ ഹമാസ് വധിച്ചുവെന്ന ആരോപണവുമായി ഐഡിഎഫ് രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഹമാസിന് ട്രംപ് കന്ന മുന്നറിയിപ്പ് നൽകിയത്. ഹമാസിനെതിരെ ഇസ്രയേൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തുകയും ഗാസയിലേക്കുള്ള സഹായ വിതരണം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. കുട്ടികൾ ഉൾപ്പെടെ 45 പലസ്തീനികൾ ഇസ്രയേലിൻ്റെ ആക്രമണത്തിൽ ഗാസയിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.
“ഹമാസുമായി ഞങ്ങൾ ഒരു കരാറിൽ ഏർപ്പെട്ടു. അവർ വളരെ നല്ലവരായിരിക്കും. അവർ അങ്ങനെയല്ലെങ്കിൽ, ഞങ്ങൾ അവിടെ പോകും, വേണ്ടിവന്നാൽ അവരെ ഉന്മൂലനം ചെയ്യും. അവർക്ക് അത് നന്നായി അറിയാം" - ട്രംപ് പറഞ്ഞു. അതേസമയം, യുഎസ് പ്രതിനിധികൾ ഇന്ന് രാവിലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കണ്ടതിനുശേഷം ഇസ്രയേൽ വെടിനിർത്തൽ ആരംഭിച്ചിട്ടുണ്ട്. സഹായം ഗാസയിലേക്ക് എത്തിക്കുന്നതിനായി കെറെം ഷാലോം വഴിയുള്ള അതിർത്തി തുറന്നതായും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.
"ഹമാസിനെതിരെ യുഎസ് സൈന്യം ഇടപെടില്ല. എന്നാൽ, ഞാൻ അവരോട് പോകാൻ ആവശ്യപ്പെട്ടാൽ ഇസ്രയേൽ സൈന്യം രണ്ട് മിനിറ്റിനുള്ളിൽ ഗാസയിലേക്ക് പോകും. പക്ഷേ ഇപ്പോൾ ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങൾ അതിന് ഒരു ചെറിയ അവസരം നൽകും, അക്രമം കുറച്ചുകൂടി കുറയുമെന്ന് പ്രതീക്ഷിക്കാം. അവർ അക്രമാസക്തരായ ആളുകളാണ്" - ട്രംപ് പറഞ്ഞു.
















© Copyright 2025. All Rights Reserved