ലണ്ടൻ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന പുതിയ സൈനിക ആക്രമണത്തെയും വെസ്റ്റ് ബാങ്കിലെ കുടിയേറ്റം വിപുലീകരിച്ചതിനെതിരയും മുന്നറിയിപ്പുമായി യുകെ, ഫ്രാൻസ്, കാഡന എന്നീ രാജ്യങ്ങൾ രംഗത്തെത്തി. ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തില്ലെങ്കിൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും കൂടുതൽ നടപടികൾ" സ്വീകരിക്കുമെന്നും മൂന്ന് രാജ്യങ്ങളും ഒരുമിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം ആവർത്തിച്ച് ഉറപ്പിച്ച നേതാക്കൾ, നിലവിലെ ഇസ്രായേലിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു. ആക്രമണം അവസാനിപ്പിക്കാനും ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കുന്നതിലേക്ക് നയിക്കുമെന്നും മൂന്ന് രാജ്യങ്ങൾ പറഞ്ഞു.
'ഗിഡിയോൺസ് ചാരിയോട്ട്സ്' എന്ന പേരിൽവടക്കൻ, തെക്കൻ ഗാസയിൽ ആരംഭിച്ചപുതിയ ഇസ്രായേൽ കരസേനാ ഓപ്പറേഷനെ തുടർന്നാണ് വിമർശനം ഉയർന്നത്. യുകെ സംഭാവന ചെയ്ത മെഡിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസിൽ ബോംബാക്രമണം ഉൾപ്പെടെ വ്യാപകമായ സിവിലിയൻ നാശനഷ്ടങ്ങൾക്കും നാശത്തിനും ഇസ്രായേലിന്റെ ആക്രമണം കാരണമായി.
മെയ് 18 ന് പരിമിതമായ സഹായ വിതരണം പുനരാരംഭിച്ചെങ്കിലും. രണ്ട് മാസത്തിനിടെ വെറും അഞ്ച് ട്രക്കുകൾ മാത്രമാണ് ഗാസയിലെത്തിയത്. ഗാസയിലെ ദുരിതത്തിന്റെ വ്യാപ്തിയും നീണ്ടുനിൽക്കുന്ന ഉപരോധവും, വൻതോതിലുള്ള ക്ഷാമത്തിലേക്ക് നീങ്ങാൻ സാധ്യതയുള്ള ഒരു മാനുഷിക ദുരന്തം സൃഷ്ടിച്ചിട്ടുണ്ടെന്നും രാജ്യങ്ങൾ വ്യക്തമാക്കി. ഹമാസിന്റെ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനുമായി അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ പാശ്ചാത്യ നേതാക്കൾ പ്രശംസിച്ചു
© Copyright 2024. All Rights Reserved