ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ.
യാത്രക്കാരുടെ അനുമതിയില്ലാതെയൊണ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. പരാതികൾ ഉയര്‍ന്നതോടെ, അജ്ഞാത സംഘത്തിനെതിരെ പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
നമ്മ മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ പൊതുജനരോഷം ഉയർന്നിരുന്നു. 'ബാംഗ്ലൂർ മെട്രോ ചിക്സ്' എന്ന പേരിലുള്ള പേജിന് നിരീക്ഷണത്തിലാകുന്നതിന് മുമ്പ് 5,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. കേസെടുത്തതിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്ന് എല്ലാ ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
ചിത്രങ്ങൾ മെട്രോ കോച്ചുകൾക്കുള്ളിലും പ്ലാറ്റ്‌ഫോമുകളിലുമായി എടുത്തവയാണ്. ഫോട്ടോകളിൽ ഉൾപ്പെട്ട സ്ത്രീകൾ അവരുടെ ചിത്രീകരിക്കുന്ന വിവരം അറിഞ്ഞിരുന്നോ, അല്ലെങ്കിൽ അവരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നോ എന്നത് വ്യക്തമല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരാൾ ഈ അക്കൗണ്ട് ഫ്ലാഗ് ചെയ്ത് ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്ത പോസ്റ്റിടുകയായിരുന്നു. പോസ്റ്റിൽ അടിയന്തിര നടപടി വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ വിഷയം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പൊലീസ് സ്വയമേവ കേസ് രേഖപ്പെടുത്തുകയായിരുന്നു.
© Copyright 2024. All Rights Reserved