
ഡാകാർ (സെനഗൽ) ലോകപ്രശസ്‌ത നൈജീരിയൻ എഴുത്തുകാരനും 1986 ലെ സാഹിത്യ നൊബേൽ ജേതാവുമായ വൊളെയ് സോയിങ്കയുടെ വീസ യുഎസ് റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുഗാണ്ടയിലെ മുൻ ഏകാധിപതി ഈദി അമീന്റെ 'വെള്ളക്കാരനായ പതിപ്പെ'ന്നു വിശേഷിപ്പിച്ച് ഈയിടെ നടത്തിയ പരാമർശമാകാം നടപടിക്കു കാരണമെന്ന് സോയിങ്ക (91) പറഞ്ഞു. ഏറെക്കാലം യുഎസിൽ അധ്യാപകനായിരുന്ന സോയിങ്കയ്ക്ക് സ്‌ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡും ഉണ്ടായിരുന്നതാണ്.
ട്രംപ് ആദ്യതവണ യുഎസ് പ്രസിഡന്റായ 2017 ൽ സോയിങ്ക പ്രതിഷേധ സൂചകമായി ഗ്രീൻ കാർഡ് നശിപ്പിച്ചു. സന്ദർശന വീസ ആവശ്യമെങ്കിൽ വീണ്ടും അപേക്ഷിക്കാനാണ് യുഎസ് അധികൃതരുടെ നിർദേശം. ഇനി അപേക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഇത് എന്നെക്കുറിച്ചല്ല. എനിക്ക് യുഎസിലേക്ക് മടങ്ങുന്നതിന് താൽപര്യമില്ല. പക്ഷേ, ഇതിൽ ഒരു തത്വം ഉൾക്കൊള്ളുന്നുണ്ട്. മനുഷ്യൻ എവിടെയായിരുന്നാലും മാന്യമായി പെരുമാറാൻ അർഹരാണ്. എൻ്റെ വീസ റദ്ദാക്കിയതിൽ ഞാൻ വളരെ സംതൃപ്തനാണെന്ന് കോൺസുലേറ്റിന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു" - സോയിങ്ക പറഞ്ഞു. വീസ നൽകിയതിനു ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമായി. ഇതാണ് വീസ റദ്ദ് ചെയ്യാനുള്ള കാരണമെന്നാണ് സോയിങ്കയ്ക്ക് ലഭിച്ച അറിയിപ്പ്.
















© Copyright 2025. All Rights Reserved