
കാലിഫോര്‍ണിയ: പുതിയ എഐ മോഡലിനെ പരിശീലിപ്പിക്കുന്നതിനായി ആയിരക്കണക്കിന് അഡള്‍ട്ട് വീഡിയോകൾ നിയമവിരുദ്ധമായി മെറ്റ ഡൗണ്‍ലോഡ് ചെയ്‌തതായുള്ള അഡൾട്ട് സിനിമ നിർമ്മാതാക്കളായ സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സിന്‍റെ പകർപ്പവകാശ കേസിനെതിരെ മെറ്റ. കേസ് വ്യാജമാണെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് മെറ്റ ഒരു യുഎസ് ജില്ലാ കോടതിയെ സമീപിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. സ്‌ട്രൈക്ക് 3 ഹോള്‍ഡിംഗ്‌സിന്‍റെ ആരോപണങ്ങളെ ഊഹാപോഹങ്ങളെന്നും നുണപ്രചാരണങ്ങളെന്നും കോടതിയിൽ സമർപ്പിച്ച ഒരു ഫയലിംഗിൽ മെറ്റ വിശേഷിപ്പിച്ചു. സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സിന്‍റെ അവകാശവാദങ്ങളെല്ലാം വ്യാജമാണെന്നും മെറ്റ വക്താവ് പറഞ്ഞു.
ഏഴ് വർഷത്തിനിടെ ഞങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നുള്ള ഏകദേശം 2,400 ഡൗൺലോഡുകൾ മെറ്റ കോർപ്പറേറ്റ് ഐപി വിലാസങ്ങളിലേക്കാണെന്ന് കണ്ടെത്തിയതായി സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സ് വാദിക്കുന്നു. മാത്രമല്ല 2,500 അവ്യക്തമായ വിലാസങ്ങൾ ഉപയോഗിച്ച് വീഡിയോകള്‍ മോഷ്‌ടിച്ചതിന് പിന്നില്‍ മെറ്റയാണെന്നും സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സ് കേസില്‍ വാദിക്കുന്നു. മെറ്റയുടെ വീഡിയോ-ജനറേഷൻ എഐ ആയ മൂവി ജെനിന്‍റെ രഹസ്യ അഡൽറ്റ് പതിപ്പിന് വേണ്ടിയാണ് കമ്പനിയുടെ അനുമതിയില്ലാതെ വീഡിയോ ഫയലുകൾ മെറ്റ കവരുന്നത് എന്നാണ് സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സിന്‍റെ വാദം. മെറ്റയിൽ നിന്നും 350 മില്യൺ ഡോളറിൽ കൂടുതൽ നഷ്‍ടപരിഹാരവും സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സ് ആവശ്യപ്പെടുന്നു.
അതേസമയം, മൾട്ടിമോഡൽ നറേറ്റീവ്-വീഡിയോ ഗവേഷണത്തിന് നാല് വർഷം മുമ്പ് 2018-ലാണ് ഡൗൺലോഡുകൾ ആരംഭിച്ചതെന്നും പ്രതിവർഷം ആകെ 22 ടൈറ്റിലുകൾ മാത്രമായിരുന്നു ലഭിച്ചതെന്നും മെറ്റ വാദിച്ചു. മാത്രമല്ല, പതിനായിരക്കണക്കിന് ജീവനക്കാരും കരാറുകാരും സന്ദർശകരും തേർഡ്-പാർട്ടികളും ദിവസവും തങ്ങളുടെ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യുന്നുണ്ടെന്നും മെറ്റ ഫയലിംഗിൽ പറയുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ നിരോധിച്ചിരിക്കുന്നതായും മെറ്റ പറയുന്നു. അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ കമ്പനിക്ക് ആവശ്യമില്ലെന്നും, അത്തരം ഉള്ളടക്കങ്ങളിലുള്ള പരിശീലനം ഒഴിവാക്കാൻ കമ്പനി നടപടികൾ സ്വീകരിക്കാറുണ്ടെന്നും മെറ്റയുടെ ഫയലിംഗിൽ വിശദീകരിക്കുന്നു.
















© Copyright 2025. All Rights Reserved