കുവൈത്ത് സിറ്റി: കുവൈത്തിലെ ഷോപ്പിങ് മാളിലെ എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്ക് 2.2 ലക്ഷത്തിലധികം രൂപ നഷ്ടമായി. മാളിലെ എടിഎം മെഷീനിൽ പണം പിൻവലിക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടും പണം പുറത്തേക്കു വന്നില്ല. മെഷീൻ തകരാറെന്ന് കരുതിയ പ്രവാസിക്കാണ് 800 ദിനാര്‍ നഷ്ടമായത്.
ഹവല്ലിയിലുള്ള ഷോപ്പിങ് മാളിൽ വെച്ചാണ് സംഭവം. 800 കുവൈത്ത് ദിനാർ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഇടപാട് വിജയകരമായി പൂർത്തിയായതായും അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുകയും ചെയ്തു. എന്നാല്‍ തുക മെഷീനിൽ നിന്നും പുറത്തുവന്നില്ല. ഇതോടെ എടിഎം പ്രവർത്തനരഹിതമാണെന്ന് പ്രവാസി തെറ്റിദ്ധരിക്കുകയായിരുന്നു. പിന്നീട് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഇടപാട് പൂർത്തിയായതായി ബാങ്ക് സ്ഥിരീകരിച്ചു.
സംശയം തോന്നിയ പ്രവാസി മാളിൽ തിരിച്ചെത്തി അധികൃതരെ വിവരം അറിയിച്ചു. സിസിടിവി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു പുരുഷനും സ്ത്രീയും ചേർന്ന് എടിഎമ്മിൽ നിന്ന് പണം എടുക്കുന്നതായി കണ്ടു. പണം എടുത്ത് യുവതിക്ക് കൈമാറിയ ശേഷം, സ്വന്തം ബാങ്ക് കാർഡ് ഉപയോഗിച്ച് മറ്റൊരു തുക പിൻവലിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കേസ് ഹവല്ലി സ്ക്വയർ പോലീസ് സ്റ്റേഷനിൽ മോഷണമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എടിഎം ഇടപാട് രേഖകളും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ഉപയോഗിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
© Copyright 2024. All Rights Reserved