
മോസ്കോ യുക്രയ്നിലെ സൈനിക നടപടിയെ ചൊല്ലിയും എണ്ണ വിൽപനയെ ചൊല്ലിയും പാശ്ചാത്യ ശക്‌തികളുമായി ഇടഞ്ഞു നിൽക്കവേ, പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ. 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്‌റ്റ്‌നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. ഞായറാഴ്‌ച റഷ്യൻ സൈനിക ജനറൽ വലേറി ജെറോസിമോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൈനികവേഷത്തിലാണ് പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുത്തത്. ലോകത്ത് മറ്റാർക്കും ഇല്ലാത്ത ആയുധമാണിതെന്ന് പുട്ടിൻ പറഞ്ഞു.
ശക്തിയേറിയ ആണവ മിസൈൽ 15 മണിക്കുറോളം വായുവിൽ പറക്കാൻ ശേഷിയുള്ളതാണെന്നു വലേറി ജെറോസിമോവ് പുട്ടിനെ അറിയിച്ചു. ഒക്ടോബർ 21നായിരുന്നു മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഏതൊരു പ്രതിരോധത്തെയും മറികടക്കാൻ ശേഷിയുള്ളതാണ് ബ്യൂറെവെസ്‌റ്റ് നിക് മിസൈലെന്ന് റഷ്യ അവകാശപ്പെട്ടു. പാശ്ചാത്യ സമ്മർദങ്ങൾക്ക് മുന്നിൽ തല കുനിക്കില്ലെന്ന വ്യക്‌തമായ സന്ദേശമാണ് റഷ്യ നൽകുന്നതെന്നാണ് വിലയിരുത്തൽ. യുക്രെയ്ൻ യുദ്ധത്തിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനായി യുഎസ് റഷ്യയ്ക്കു മേൽ സമ്മർദം ചെലുത്തുകയാണ്.
യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യ തയാറായില്ലെങ്കിൽ യുദ്ധത്തിൻ്റെ ഗതിമാറ്റാൻ ശേഷിയുള്ള ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ യുക്രെയ്നു കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയായി കൂടിയാണ് വാഷിങ്ടൺ ഉൾപ്പെടെ ആക്രമണപരിധിയിൽ വരുന്ന ആണവ മിസൈൽ റഷ്യ പരീക്ഷിച്ചിരിക്കുന്നത്.
















© Copyright 2025. All Rights Reserved