മാഡ്രിഡ്: എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തോൽപിച്ച് സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് അടുത്ത് ബാഴ്സലോണ. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണാബ്യൂവില്‍ ബാഴ്സയുടെ ജയം. ആദ്യ 15 മിനിറ്റിനിടെ കിലിയൻ എംബാപ്പേയുടെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു റയലിന്‍റെ തോൽവി.
ബാഴ്സലോണയ്ക്കായി റഫീഞ്ഞ രണ്ടും എറിക് ഗാർസ്യയും ലാമിൻ യമാലും ഓരോ ഗോളും നേടി. റയലിനായി കിലിയൻ എംബാപ്പേ ഹാട്രിക് നേടി. സീസണിൽ നാലാം തവണയാണ് ബാഴ്സലോണ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ തോൽപിക്കുന്നത്. മൂന്ന് കളി ശേഷിക്കേ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ ഏഴ് പോയന്‍റ് മുന്നിലാണ് ബാഴ്സലോണ. അവശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ ബാഴ്സക്ക് 28-ാം ലാ ലിഗ കിരീടം സ്വന്തമാക്കാം. കോച്ച് കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ റയലിന്‍റെ അവസാന എൽ ക്ലാസിക്കോ ആയിരുന്നു ഇത്. തോൽവിയോടെ റയലിന്‍റെ കിരീടപ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചു.
അഞ്ചാം മിനിറ്റില്‍ ഗോള്‍ കീപ്പറുടെ ഫൗളില്‍ നിന്ന് ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റിയാണ് എംബാപ്പെ റയലിനെ മുന്നിലെത്തിച്ചത്. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം വിനീഷ്യസ് ജൂനിയറുടെ അസിസ്റ്റില്‍ രണ്ടാം ഗോളും നേടി എംബാപ്പെ റയലിന് വ്യക്തമായ മുന്‍തൂക്കം നല്‍കി. ഇതോടെ റയലിനായി അരങ്ങേറ്റ സീസിണില്‍ ഏറ്റവും ഗോളടിക്കുന്ന താരമെന്ന റെക്കോര്‍ഡും എംബാപ്പെ സ്വന്തമാക്കി. സീസണില്‍ റയല്‍ കുപ്പായക്കില്‍ എംബാപ്പെയുടെ 38-ാം ഗോളായിരുന്നു ഇത്. 1992-93ലെ അരങ്ങേറ്റ സീസണില്‍ റയലിനായി 37 ഗോളുകള്‍ നേടിയ ചിലയന്‍ താരം ഇവാന്‍ സൊമറാനോയുടെ റെക്കോര്‍ഡാണ് എംബാപ്പെ തകര്‍ത്തത്.
© Copyright 2024. All Rights Reserved