കൊച്ചി: ഐഎൻഎസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംശയത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാൽ മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രാഘവൻ എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഫോണ്‍ കോൾ വന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോൺ കോളെത്തിയത്. ഐ എൻ എസ് വിക്രാന്തിൻ്റെ ലൊക്കേഷനാണ് കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച ഫോൺ കോളിലൂടെ ആവശ്യപ്പെട്ടത്. നേവൽ ബേസ് അധികൃതരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സാഹചര്യത്തിലാണ് കോൾ വന്നത്. അതിനാൽ തന്നെ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായി 2 നമ്പറുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, കസ്റ്റഡിയിലെടുത്തെന്ന വിവരം പൊലീസ് നിഷേധിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved