ഒഡിങ്കയെ ഹൃദയത്തിലേറ്റി ജന്മനാട്; വിമാനത്താവളവും സ്റ്റേഡിയവും നിറ‍ഞ്ഞ് അനുയായികൾ, സംസ്കാരം ഞായറാഴ്ച

17/10/25

നയ്റോബി . കെനിയയിലെ വീഥികൾ വിലാപത്തിന്റെ പച്ചപ്പുചൂടിയിരിക്കുകയാണ്. 'ബാബ' എന്ന് ആദരപൂർവം വിളിക്കുന്ന മുൻ പ്രധാനമന്ത്രി റയ്‌ല അമോലോ ഒഡിങ്കയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ്, ഒകുംബ എന്ന പരമ്പരാഗത ആചാരപ്രകാരം പനയോലയുൾപ്പെടെ ഇലച്ചാർത്തുകൾ കയ്യിൽപിടിച്ചും വാഹനങ്ങളുടെ വശങ്ങളിൽവച്ചും ജനം വിലാപയാത്രകൾ നടത്തുന്നു.

ഒഡിങ്കയുടെ മൃതദേഹം നാളെ പടിഞ്ഞാറൻ കെനിയയിൽ വിക്ടോറിയ തടാകതീരത്തുള്ള കിസുമു നഗരത്തിലെത്തിക്കും. ജന്മനാടായ ബോണ്ടോയിൽ ഞായറാഴ്‌ചാണ് സംസ്കാരം. മരിച്ചാൽ 72 മണിക്കൂറിനകം സംസ്‌കാരം നടത്തണമെന്ന് വിൽപത്രത്തിലുള്ളതു മാനിച്ചാണിത്. നേതാക്കൾ മരിച്ചാൽ ആഴ്ചകൾക്കുശേഷം സംസ്‌കാരം നടത്തുന്ന പതിവാണ് കെനിയക്കാർ ഒഡിങ്കയ്ക്കായി മാറ്റിയെഴുതുന്നത്.

ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്മെൻ്റ് (ഒഡിഎം) പാർട്ടിയുടെ സ്‌ഥാപകനേതാവായ ഒഡിങ്ക, ലുവോ ഗോത്രവിഭാഗക്കാരനാണ്. ബോണ്ടോയിൽ കാങ്കോ കാ ജറമോഗിയിലെ കുടുംബക്കല്ലറയിൽ, ജനപ്രിയനേതാവും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്ന പിതാവ് ജറമോഗിയുടെയും മകൻ ഫിഡലിന്റെയും ശവകുടീരങ്ങൾക്കരികെയാകും ഒഡിങ്കയുടെയും അന്ത്യവിശ്രമം. കെനിയയിൽ ഒരാഴ്‌ചത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രസിഡന്റ് വില്യം റുട്ടോ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ കുത്താട്ടുകുളത്ത് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം ബുധനാഴ്‌ച അന്തരിച്ച ഒഡിങ്ക (80) യുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചപ്പോൾ ജനദുഃഖം അണപൊട്ടിയൊഴുകി.

മൃതദേഹവുമായെത്തുന്ന വിമാനം കാത്ത് ജോമോ കെനിയാത്ത വിമാനത്താവളത്തിൽ വളരെ നേരത്തേ തന്നെ ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. ആൾത്തിരക്കുമൂലം വിമാനസർവീസുകൾ 2 മണിക്കൂർ തടസ്സപ്പെട്ടു. പൊതുദർശനം നിശ്‌ചയിച്ചിരുന്ന പാർലമെന്റ് മന്ദിരത്തിന്റെ കവാടത്തിൽ അനുയായികൾ വലിഞ്ഞുകയറിയതോടെ, ആൾക്കൂട്ടം നിയന്ത്രിക്കാൻ കഴിയാതെ ചടങ്ങ് കാസരനിയിലെ മോയി സ്പോർട്‌സ് സ്‌റ്റേഡിയത്തിലേക്കു മാറ്റി. പ്രിയനേതാവിനെ അവസാനമായി കാണാൻ ജനം സ്‌റ്റേഡിയത്തിൽ തടിച്ചുകൂടി തിക്കിത്തിരക്കിയതോടെ പൊലീസ് ആകാശത്തേക്കു വെടിവയ്ക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. തിരക്കിൽപെട്ട് ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സർക്കാർ വാഹനങ്ങളിലൊന്ന് ഒരാളെ ഇടിച്ചിട്ടതോടെ ജനങ്ങൾ പ്രതിഷേധിച്ചു കല്ലേറു നടത്തി. 2008 മുതൽ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായിരുന്ന ഒഡിങ്ക കഴിഞ്ഞ 10നാണ് മകൾ വിന്നിക്കും സഹോദരി റുത്തിനുമൊപ്പം കുത്താട്ടുകുളത്തുള്ള ശ്രീധരീയം ആയുർവേദ നേത്രാശുപത്രിയിൽ എത്തിയത്. ചികിത്സ പൂർത്തിയാക്കി ഇന്ന് മടങ്ങാനിരിക്കുകയായിരുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu