മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിസ്വയിൽ ബലിപെരുന്നാൾ നമസ്കാരം നടത്തും. ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് പള്ളിയിൽ ആയിരിക്കും സുൽത്താൻ ഹൈതം ബിൻ താരിക് ഈദ് അൽ അദ്‌ഹ പ്രാർത്ഥനകൾ നടത്തുന്നതെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സുൽത്താനോടൊപ്പം രാജകുടുംബാംഗൾ, അൽ ബുസൈദി കുടുംബത്തിലെ അംഗങ്ങൾ, മന്ത്രിമാർ ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പോലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ എന്നിവർ പ്രാർത്ഥനയിൽ പങ്കുചേരും. അൽ ദഖിലിയ ഗവർണറേറ്റിൽ നിന്നുള്ള സ്റ്റേറ്റ് കൗൺസിൽ, ഷൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർസെക്രട്ടറിമാർ, വാലി ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നിരവധി ഷെയ്ഖുമാരും, വിശിഷ്ട വ്യക്തികളും, പൗരന്മാരും പങ്കെടുക്കും.
ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ജൂൺ ആറിനാണ് ഒമാനിൽ ബലിപെരുന്നാൾ.വാരാന്ത്യം ഉൾപ്പെടെ ഒമാനിൽ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.
© Copyright 2024. All Rights Reserved