പലപല കാരണങ്ങളാൽ ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടുന്ന അനേകങ്ങളുണ്ടാവും. അതിനി ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞവർ, കൂടിയവർ, ഏറ്റവുമധികം മുടിയുള്ളവർ, ഇല്ലാത്തവർ തുടങ്ങി പലപല കാരണങ്ങൾ കൊണ്ടും റെക്കോർഡ് സ്വന്തമാക്കുന്നവരുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരാൾ അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. തന്റെ തന്നെ റെക്കോർഡാണ് ഇയാൾ തകർത്തത്.
ഇറാനിൽ നിന്നുള്ള ഇയാൾ ശരീരത്തിൽ ഒരേസമയം പരമാവധി സ്പൂണുകൾ ബാലൻസ് ചെയ്തുകൊണ്ടാണ് സ്വന്തം ലോക റെക്കോർഡ് തകർത്തിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അബോൾഫാസൽ സാബർ മൊഖ്താരി എന്നയാളാണ് തന്റെ പ്രകടനം കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നത്.
ഇയാളുടെ ശരീരത്തിൽ ഏറ്റവുമധികം സ്പൂണുകൾ ബാലൻസ് ചെയ്തതിനാണ് റെക്കോർഡ്. ശരീരത്തിൽ 96 സ്പൂണുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് ചിത്രത്തിലും വീഡിയോകളിലും കാണാവുന്നതാണ്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഒഫീഷ്യൽ അക്കൗണ്ടിലും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved