ബ്ലാറ്റൻ: മുന്നറിയിപ്പ് ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വിസ് ആൽപ്സ് ഗ്രാമത്തിന് മുകളിലേക്ക് ഇടിഞ്ഞ് വീണത് 3 മില്യൺ ക്യുബിക് മീറ്റർ ഐസ്. വൻ മഞ്ഞുമല പതിച്ചതിന്റെ അവശിഷ്ടങ്ങൾ സ്വിറ്റ്സർലൻഡിലെ ബ്ലാറ്റൻ ഗ്രാമത്തിൽ ഒന്നര കിലോമീറ്ററിലേറെ ദൂരമാണ് മൂടിയത്. ഗ്രാമത്തിലെ വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്നു. ശേഷിച്ചവ ഹിമപാതത്തിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയ നിലയിലാണുള്ളത്.
വലിയൊരു ഹിമപാതത്തിന്റെ മുന്നറിയിപ്പ് ജിയോളസ്റ്റുമാർ നൽകിയതിനേ തുടർന്ന് ഗ്രാമവാസികൾ നേരത്തെ തന്നെ ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞ് പോയതിനാൽ ആളപായമുണ്ടായില്ല. എന്നാൽ തങ്ങളുടെ ഗ്രാമം പൂർണമായി നഷ്ടമായതായും പുനരുദ്ധരിക്കാൻ സഹായം വേണമെന്നുമാണ് ബ്ലാറ്റൻ മേയർ മത്തിയാസ് ബെൽവാൾഡ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന നദിയിലേക്ക് പാറക്കെട്ടുകളും മണ്ണും ഐസുമെല്ലാം ഒലിച്ചെത്തിയതോടെ പ്രളയക്കെടുതിയിൽ മുങ്ങിയ അവസ്ഥയിലാണ് ഈ ഗ്രാമം.
ഗ്രാമത്തിന്റെ 90 ശതമാനത്തിലേറെയും ഹിമപാതത്തിൽ നശിച്ചു. ആൽപ്സ് പർവ്വതത്തിലുണ്ടായ മഞ്ഞുരുകലിന്റെ പ്രത്യാഘാതമാണ് ഹിമപാതമെന്നാണ് വിലയിരുത്തുന്നത്. ഹിമപാതത്തിന്റെ സമയത്ത് ഗ്രാമപരിസരത്തുണ്ടായിരുന്ന 64കാരനെ കാണാതായിട്ടുണ്ട്. വലൈ മേഖലയിലെ ലോറ്റ്‌ഷെൻ്റൽ താഴ്വരയിലാണ് ബ്ലാറ്റൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. താഴ്വരയിലെ ലോൻസാ നദിയിൽ വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്.
മഞ്ഞുമലയിലുണ്ടായ പാറക്കല്ലുകളുടെ അമിത ഭാരത്തിലാണ് ഹിമപാതമുണ്ടായതെന്നാണ് സൂറിച്ച് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലെ ഗ്ലേസിയോളജിസ്റ്റ് മിലെൻ ജാക്വിമാർട്ട് അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഹിമപാതം ആരംഭിച്ചത്. 3.1 തീവ്രതയുള്ള ഭൂമികുലുക്കത്തിന്റെ പ്രകമ്പനങ്ങളാണ് ഹിമപാതം മേഖലയിൽ സൃഷ്ടിച്ചത്. രാജ്യത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും ശക്തമായ ഹിമപാതങ്ങളിലൊന്നാണ് ഇത്.
© Copyright 2024. All Rights Reserved