ദില്ലി: അശോക സർവകലാശാലയിലെ പ്രൊഫസർ അലിഖാന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. എന്നാൽ അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയില്ല. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അലിഖാൻ മഹബൂബാബാദിനെ ഇന്നലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
യുദ്ധവിരുദ്ധമായ സന്ദേശമാണ് അലിഖാൻ്റെ പോസ്റ്റിലുള്ളതെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. പോസ്റ്റിന്റെ ഉദ്ദേശത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാമെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചു. ഹർജിയിൽ ഹരിയാന സർക്കാർ ഉൾപ്പെടെ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണത്തിന് മൂന്നക്ക പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഹരിയാന സർക്കാരിന് നിർദ്ദേശം നൽകി. ഹരിയാന, ദില്ലി സംസ്ഥാനങ്ങൾക്ക് പുറത്തുള്ളവരാകണം കേസ് അന്വേഷിക്കേണ്ടത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണവുമായി പൂർണമായി സഹകരിക്കണം, നിലവിലെ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഉൾപ്പെട്ട പുതിയ ലേഖനങ്ങൾ എഴുതാനോ ഓൺലൈനിൽ പോസ്റ്റ് ചെയ്യാനോ പാടില്ല, പ്രൊഫസർക്കെതിരെ മറ്റ് നടപടികൾ എടുക്കരുതെന്നും അശോക സർവകലാശാലയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
© Copyright 2024. All Rights Reserved