ദില്ലി : ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശ രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രതിനിധി സംഘങ്ങളുമായുള്ള കൂടിക്കാഴ്ച നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം മടങ്ങിയെത്തിയത്. ഇതിനിടെ പ്രത്യേക പാർലമെൻറ് സമ്മേളനത്തിനായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള സാഹചര്യം ബഹറൈൻ, കുവൈറ്റ്, സൗദി അറേബ്യ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലെത്തി വിശദീകരിച്ച ശേഷമാണ് ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തിയത്. എംഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയും സംഘത്തിൽ അംഗമായിരുന്നു. റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച കനിമൊഴി നേതൃത്വം നല്കുന്ന സംഘവും ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെത്തിയ സഞ്ജയ് ഝാ നയിച്ച ജോൺ ബ്രിട്ടാസ് അംഗമായ സംഘവും ഇന്ന് മടങ്ങിയെത്തുന്നുണ്ട്.
ശശി തരൂർ നേതൃത്വം നല്കുന്ന സംഘം അമേരിക്കൻ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ചയേ മടങ്ങൂ. സംഘങ്ങളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രത്യേക കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച പ്രധാനമന്ത്രി പ്രതിനിധി സംഘാംഗങ്ങളെ ആകെ കാണുന്നുണ്ട്. ഭീകരവാദത്തിനെതിരെ ഒന്നിച്ചു നിൽക്കുക എന്ന സന്ദേശമാണ് എല്ലാ രാജ്യങ്ങളിലും സംഘങ്ങൾ നല്കിയത്. ഇന്ത്യയുടെ നീക്കം ഭീകരവാദത്തിന് എതിരെ മാത്രമായിരുന്നുവെന്നതും സംഘം വിശദീകരിച്ചു. വിവിധ രാജ്യങ്ങളുടെ പ്രതികരണം സമ്മിശ്രമാണെങ്കിലും ഇന്ത്യയിൽ ഭീകരവാദികളെ സ്പോൺസർ ചെയ്യുന്നവർക്കെതിരായ ഒറ്റക്കെട്ടായ വികാരം അറിയിക്കാനായെന്നതാണ് വിദേശകാര്യ വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇന്ത്യയുടെ ദേശീയ ഭാഷ എന്തെന്ന വിദേശത്ത് നിന്നുള്ള ഒരു ചോദ്യത്തിന് കനിമൊഴി നല്കിയ, '' ഇന്ത്യയുടെ ദേശീയ ഭാഷ നാനാത്വത്തിൽ ഏകത്വമാണ്'' എന്ന മറുപടി അടക്കം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാണ്.
പ്രത്യേക പാർലമെൻറ് സമ്മേളനം 16ന് ചേരുമെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം നീളുകയാണ്. ദീപേന്ദർ ഹൂഡയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ഇതിനായുളള ഒപ്പു ശേഖരണം തുടങ്ങി.
© Copyright 2024. All Rights Reserved