ടെഹ്റാൻ: ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. ഇവരെ മോചിപ്പിച്ചെന്ന് ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു. പഞ്ചാബിൽ നിന്നുള്ള മൂന്നു പേരെയാണ് ഇറാനിൽ കാണാതായത്. കാണാതായ ഇന്ത്യക്കാരുടെ കാര്യത്തിൽ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കാണാതായ മൂന്ന് ഇന്ത്യൻ പൗരന്മാരെ ടെഹ്‌റാൻ പോലീസ് മോചിപ്പിച്ചുവെന്ന് ഇറാനിയൻ എംബസി എക്സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
ഇറാനിലേക്ക് യാത്ര ചെയ്ത മൂന്ന് ഇന്ത്യക്കാരെയായിരുന്നു കാണാതായത്. പഞ്ചാബിലെ സംഗ്രൂർ, നവാൻഷഹർ, ഹോഷിയാർപൂർ ജില്ലകളിൽ നിന്നുള്ള മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സംഗ്രൂറില്‍ നിന്നുള്ള ഹുഷന്‍പ്രീത് സിങ്, എസ്ബിഎസ് നഗറില്‍ നിന്നുള്ള ജസ്പാല്‍ സിങ്, ഹോഷിയാര്‍പൂരില്‍ നിന്നുള്ള അമൃത്പാല്‍ സിങ് എന്നിവരെയാണ് കാണാതായത്. തെഹ്റാനില്‍ ഇറങ്ങിയതിന് പിന്നാലെ മേയ് 1നാണ് ഇവരെ കാണാതായത്. ദില്ലിയില്‍ നിന്ന് ദുബൈ-ഇറാന്‍ വഴി ഓസ്ട്രേലിയയിലേക്ക് ജോലിക്ക് പോകാനിരുന്നതാണ് ഇവര്‍. പഞ്ചാബിലെ ഒരു ഏജന്‍റാണ് ഇവരെ ഓസ്ട്രേലിയയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഇറാനില്‍ ഇവര്‍ക്ക് താല്‍ക്കാലിക താമസവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇറാനില്‍ ഇറങ്ങിയതിന് പിന്നാലെ ഇവരെ കാണാതാകുകയായിരുന്നു.
യുവാക്കളെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യമായി ഒരു കോടി രൂപയാണ് തട്ടിക്കൊണ്ടുപോയ സംഘം യുവാക്കളുടെ കുടുംബത്തോട് ആവശ്യപ്പെട്ടതെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു. മൂന്നുപേരെയും മഞ്ഞ നിറത്തിലുള്ള കയര്‍ കൊണ്ട് കെട്ടിയിട്ട വീഡിയോയും ചിത്രങ്ങളും ഇവര്‍ അയച്ചു തന്നതായും കുടുംബം കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെ കയ്യില്‍ നിന്ന് രക്തം ഇറ്റുവീഴുന്നത് കാണാമെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ ദേഹത്ത് മുറിവുകളും ചതവുകളുമുണ്ട്. പണം നല്‍കിയില്ലെങ്കില്‍ യുവാക്കളെ കൊലപ്പെടുത്തുമെന്നും തട്ടിക്കൊണ്ടുപോകല്‍ സംഘം ഭീഷണിപ്പെടുത്തിയതായും ഇവരുടെ കുടുംബം പറയുന്നു. യുവാക്കള്‍ അവരുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ മേയ് 11 മുതല്‍ യുവാക്കള്‍ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു.
© Copyright 2024. All Rights Reserved