
ദില്ലി: നിലനിൽപ്പിനായി ഉടമകളിൽ നിന്നും വായ്പാ സഹായം തേടി എയർ ഇന്ത്യ. ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നും 10,000 കോടി രൂപയുടെ സാമ്പത്തിക സഹായം എയർ ഇന്ത്യ തേടിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ജൂണിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ നടന്ന വിമാന ദുരന്തത്തെ തുടർന്ന് നേരിടുന്ന പ്രത്യാഘാതങ്ങൾ മറികടക്കാനാണ് സാമ്പത്തിക സഹായം തേടിയതെന്നാണ് വിവരം.
എയർ ഇന്ത്യയുടെ 74.9% ഓഹരികൾ ടാറ്റ സൺസിൻ്റെ ഉടമസ്ഥതയിലാണ്. ബാക്കിയുള്ള ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലാണ്. 2022 ലാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. സുരക്ഷ, എഞ്ചിനീയറിംഗ്, പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരുടെ പരിശീലനം, ക്യാബിൻ നവീകരണം, പ്രവർത്തന സാങ്കേതികവിദ്യ എന്നിവ മെച്ചപ്പെടുത്തുന്നതിനുമാണ് ധനസഹായം തേടിയിരിക്കുന്നത്.
പലിശ രഹിത വായ്പയായോ അധിക മൂലധനമായോ തുക അനുവദിക്കുമെന്നാണ് കരുതുന്നത്. ദശാബ്ദത്തിനിടയിലെ വലിയ ദുരന്തമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. ഇത് എയർ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതോടെ എയർ ഇന്ത്യ വമാനങ്ങളിലെ അറ്റകുറ്റപ്പണികളും പൈലറ്റുമാരുടെ പരിശീലനവും അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളും മേൽനോട്ടവുമുണ്ട്.
എങ്കിലും വമ്പൻ ലക്ഷ്യങ്ങളുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്. വിസ്താര ലയനം, എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങളുടെ വൻ ഓർഡർ, ഗൾഫ് വിമാനക്കമ്പനികൾക്ക് വിട്ടുകൊടുത്ത പ്രീമിയം അന്താരാഷ്ട്ര റൂട്ടുകളുടെ വീണ്ടെടുക്കൽ എന്നിവയടക്കം വലിയ ലക്ഷ്യങ്ങളാണ് കമ്പനിക്ക് മുന്നിലുള്ളത്. ആഗോളതലത്തിൽ മത്സരം മുറുകുകയും നഷ്ടം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധികളെ അജിതീവിച്ച് മുന്നേറാൻ എയർ ഇന്ത്യക്ക് സാമ്പത്തിക സഹായം കൂടിയേ തീരൂ.
















© Copyright 2025. All Rights Reserved