കത്തിയമർന്ന് വാഹനങ്ങൾ, തോക്കെടുത്ത് പൊലീസ്, മുന്നൂറോളം ഫെഡറൽ സൈനികർ: ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ

10/06/25

ലൊസാഞ്ചലസ് അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്യാൻ ഫെഡറൽ സൈനികരെ നിയോഗിച്ച പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിലിറങ്ങിയതോടെ കലിഫോർണിയയിലെ ലൊസാഞ്ചലസിൽ സംഘർഷം കടുത്തു. ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌ത പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ട്രംപിൻ്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രതിഷേധങ്ങളുടെ മൂന്നാം ദിനമാണ് സംഘർഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറൽ സൈനികർ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

നേരത്തേ, പരിശോധനയിൽ കസ്‌റ്റഡിയിലെടുത്ത അനധികൃത കുടിയേറ്റക്കാരെ എത്തിച്ച ലൊസാഞ്ചലസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററിനു പുറത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. പിരിഞ്ഞുപോകണമെന്ന നിർദേശം അവഗണിച്ചപ്പോഴാണ് പൊലീസ് ഇവർക്കെതിരെ റബർ ബുള്ളറ്റുകൾ പ്രയോഗിച്ചത്. ഗതാഗത തടസ്സമുണ്ടാക്കിയ പ്രതിഷേധക്കാരെ അറസ്റ്റ‌് ചെയ്തു നീക്കുകയും ചെയ്തു.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്‌റ്റു ചെയ്ത് നാടുകടത്താൻ കുടിയേറ്റകാര്യവകുപ്പ് (ഐസിഇ) പാരമൗണ്ടിൽ റെയ്‌ഡ് നടത്തിയതിനു പിന്നാലെ വെള്ളിയാഴ്‌ചയാണ് പ്രതിഷേധമാരംഭിച്ചത്. അതിനു തടയിടുന്നതിൽ സംസ്ഥാനം ഭരിക്കുന്ന ഡെമോക്രാറ്റിക് സർക്കാരിൻ്റെ പിടിപ്പുകേടുണ്ടായെന്നു വിമർശിച്ച ട്രംപ്, പ്രതിഷേധക്കാരെ നേരിടാൻ രണ്ടായിരത്തോളം ഫെഡറൽ സൈനികരെ നിയോഗിക്കുകയായിരുന്നു.
അതേസമയം, നാഷനൽ ഗാർഡി വിന്യസിച്ചത് സംഘർഷം രൂക്ഷമാക്കിയെന്നും ട്രംപ് ഭരണകൂടത്തിനെതിരെ സംസ്‌ഥാനം കേസ് ഫയൽ ചെയ്യുമെന്നും കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. നഗരത്തിലെ സൈനിക വിന്യാസം സംസ്‌ഥാനത്തിന്റെ പരമാധികാരത്തിനു നേരേയുള്ള വെല്ലുവിളിയാണെന്നും ഫെഡറൽ സർക്കാർ നാഷനൽ ഗാർഡിനെ ഇറക്കി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിഷേധം തുടർന്നാൽ തടയാനായി യുഎസ് സൈന്യത്തിന്റെ്റെ പ്രത്യേക ദൗത്യവിഭാഗമായ മറീനുകളെ കൂടി വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പു നൽകി. ഇതിനെ ഭ്രാന്തൻ തീരുമാനമെന്നാണ് ന്യൂസോം വിശേഷിപ്പിച്ചത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu