
ഖാർത്തും കെട്ടിടങ്ങളിലേക്ക് ഇരച്ചു കയറി ആളുകളെ നിരത്തി നിർത്തി വെടിവച്ചു കൊല്ലുന്ന സംഘങ്ങൾ, ജനക്കൂട്ടത്തിൽനിന്ന് കന്യകമാരെ തിരഞ്ഞെടുത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നവർ… അതിക്രൂരതയുടെ മുഖമായി മാറുകയാണ് സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്). ആശുപത്രി കെട്ടിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീകൾപോലും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നു.
സുഡാനിലെ എൽ ഫാഷർ നഗരം അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് പിടിച്ചതോടെയാണ് അതിക്രൂരതകൾ അരങ്ങേറുന്നത്. സുഡാൻ തലസ്‌ഥാനമായ ഖാർത്തുമിൽനിന്ന് 800 കിലോമീറ്റർ അകലെയാണ് എൽ ഫാഷർ. ഭാഗികമായി മരുഭൂമിയാണ് ഇവിടം. സുഡാൻ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന ഈ പ്രദേശം 18 മാസമായി ആർഎസ്എഫ് വളഞ്ഞിരിക്കുകയായിരുന്നു. ഈ സായുധ സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തുന്ന വിഡിയോകളും രാജ്യാന്തര ഏജൻസികളുടെ ഉപഗ്രഹ ചിത്രങ്ങളുമാണ് വാർത്തകളെ പുറംലോകത്തെത്തിക്കുന്നത്. യഥാർഥ ചിത്രം ഇതിലും ഭീകരമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. തെരുവുകളിലും മണൽ കുനകളിലും കൂട്ടത്തോടെ മരിച്ചു കിടക്കുന്നവരുടെ ദൃശ്യങ്ങളാണ് വിഡിയോകളിലുള്ളത്.
ക്രൂരമായ വിഡിയോകൾ പുറത്തെത്തിയതോടെ ആർഎസ്എഫ് നേതൃത്വം വിശദീകരണവുമായി എത്തി. സൈന്യത്തിന്റെ പേരിൽ ക്രൂരതകൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. പുറത്തു വരുന്ന വാർത്തകളിൽ പലതും ശരിയല്ലെന്നും നേതൃത്വം അവകാശപ്പെട്ടു. ലിംഗഭേദം, പ്രായം, വംശീയത എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്‌തികളെ വേർതിരിച്ച് ക്രൂരത കാട്ടിയതായി അതിജീവിച്ചവർ പറയുന്നു. തടവിൽ കഴിയുന്നവരിൽ പലരും മോചനത്തിനായി 5 ദശലക്ഷം മുതൽ 30 ദശലക്ഷംവരെ സുഡാനീസ് പൗണ്ട് (8,000 മുതൽ 50,000 ഡോളർ വരെ) നൽകുന്നതായും ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്‌സ് പ്രസ്‌താവനയിൽ പറഞ്ഞു.
















© Copyright 2025. All Rights Reserved