കാൻ ചലച്ചിത്ര മേളയിൽ മലയാള സിനിമയുടെ അഭിമാനമായി മാറിയ താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരെയാണ് മിഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകി ആദരിച്ചത്.
-------------------aud--------------------------------
കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം നേടിയ സന്തോഷ് ശിവനും ആദരം അർപ്പിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി എന്നിവരും സന്നിഹിതരായിരുന്നു.
കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പായൽ കപാഡിയ സംവിധാനം ചെയ്ത മലയാളം–ഹിന്ദി ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിലെത്തിയത്. ചിത്രത്തിൽ അസീസ് നെടുമങ്ങാടും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 30 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാനിൽ പുരസ്കാരം നേടുന്നത്.
© Copyright 2024. All Rights Reserved