
കാബുൾ പാക്കിസ്ഥാൻ സൈന്യം അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായി താലിബാൻ സർക്കാർ അഫ്ഗാൻ-പാക്ക് അതിർത്തിക്ക് സമീപമുള്ള ചന്തയിൽ പാക്കിസ്ഥാൻ ബോംബിട്ടതായി സർക്കാർ പ്രതിനിധികൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സസിനോട് പറഞ്ഞു. തലസ്‌ഥാനമായ കാബൂളിൽ 'അതിക്രമിച്ചു' കയറിയതായും താലിബാൻ സർക്കാർ പറഞ്ഞു. കാബൂളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാൻ ആക്രമണം സ്‌ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തെ മുത്താഖി അപലപിച്ചു. കാബൂളിൽ സ്ഫോടന ശബ്ദം കേട്ടതായും എന്നാൽ നാശനഷ്‌ടമില്ലെന്നും അഫ്ഗാൻ സർക്കാർ വക്താവ് വ്യക്തമാക്കി. കാര്യങ്ങൾ വഷളാകുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാക്കിസ്‌ഥാൻ സൈന്യത്തിനായിരിക്കുമെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചു. അതിർത്തി ലംഘിച്ച പാക്ക് നടപടിയെ സർക്കാർ അപലപിച്ചു.
ഇതു മുൻപെങ്ങും ഇല്ലാത്തതും, അക്രമാസക്‌തവും, പ്രകോപനപരവുമായ നടപടിയാണ്. അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതിനെ ശക്‌തമായി അപലപിക്കുന്നു. സ്വന്തം ഭൂപ്രദേശം പ്രതിരോധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്'- അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. അഫ്ഗാൻ അതിർത്തിയിൽ പാക്ക് സൈന്യം 30 ഭീകരരെ വധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്‌തു. 11 പാക്ക് സൈനികരും കൊല്ലപ്പെട്ടു. ഒക്ടോബർ 7ന് അഫ്ഗാൻ അതിർത്തിയിൽ പാക്ക് സൈനികവ്യൂഹത്തെ അക്രമിച്ച ഭീകരർ 9 സൈനികരെ വധിച്ചിരുന്നു. നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റിരുന്നു. ഇതിനു തിരിച്ചടിയായാണ് സൈനിക നടപടി. ഭീകരവാദികൾക്ക് അഭയം നൽകുന്ന നടപടിയിൽനിന്ന് അഫ്ഗാൻ പിൻവാങ്ങണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.
















© Copyright 2025. All Rights Reserved