
ജമൈക്ക: കാറ്റഗറി അഞ്ച് കൊടുങ്കാറ്റായ മെലിസ ജമൈക്കയിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും അങ്ങോട്ട് യാത്ര ചെയ്തതിനെക്കുറിച്ച് വീമ്പിളക്കിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കടുത്ത വിമർശനം. ന്യൂയോർക്ക് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. തദ്ദേശീയരുടെ സുരക്ഷ, നിലവിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയെക്കാൾ അവധിക്കാല പദ്ധതികൾക്ക് മുൻഗണന നൽകാനുള്ള ഈ തീരുമാനം ഫോളോവേഴ്സിനിടെയിൽ കടുത്ത രോഷം ഉയർത്തി. ഹന്നാ ഗ്രബ്സ് എന്ന ഇൻഫ്ലുവൻസർ കഴിഞ്ഞ ദിവസങ്ങളിൽ ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഒരു വീഡിയോയിൽ, ചുഴലിക്കാറ്റിന്‍റെ സമയത്തും താൻ നെഗ്രിലിലെ റിസോർട്ടിൽ ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
"മെലിസ എന്‍റെ അവധിക്കാലം കുളമാക്കാൻ ഇറങ്ങിയിരിക്കുകയാണ്," ഒരു വീഡിയോയിൽ അവർ പറയുന്നതായി കേൾക്കാം. വിമാനത്താവളത്തിലൂടെ നടന്നുപോകുന്ന മറ്റൊരു ക്ലിപ്പിൽ, കാറ്റഗറി 5 ചുഴലിക്കാറ്റിനിടയിൽ ജമൈക്കയിലേക്ക് പോകുന്ന രണ്ട് പെൺകുട്ടികൾ എന്നും അവർ പറഞ്ഞു. ഒരു വീഡിയോയുടെ അടിക്കുറിപ്പായി അവർ എഴുതിയത് ജമൈക്കയെ കാറ്റഗറി 5 ചുഴലിക്കാറ്റ് ബാധിക്കുന്നില്ലെന്ന് നടിക്കുന്നു എന്നായിരുന്നു.
നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇൻഫ്ലുവൻസറുടെ ഈ പ്രവൃത്തികൾ വിവേകമില്ലാത്തതാണെന്ന് വിശേഷിപ്പിക്കുകയും വിമർശിക്കുകയും ചെയ്തു. ഈ വീഡിയോകൾ പിന്നീട് ഡിലീറ്റ് ചെയ്തു. "തികച്ചും വിവേകശൂന്യമായ വീഡിയോ. ആളുകൾ അക്ഷരാർത്ഥത്തിൽ മരിക്കാൻ പോകുകയാണ്," ഒരു ഉപയോക്താവ് എഴുതി. "കനത്ത കൊടുങ്കാറ്റ് ഉണ്ടാകാൻ പോകുന്ന ഒരിടത്ത് നിങ്ങൾ അവധിക്കാലം തിരഞ്ഞെടുക്കുന്നു. നിങ്ങൾക്ക് എങ്ങനെ ഇത്രയും വിവേകമില്ലാതെ പെരുമാറാൻ സാധിക്കും?" മറ്റൊരു ഉപയോക്താവ് ചോദിച്ചു.
പ്രാദേശിക താമസക്കാർക്കും അടിയന്തിര രക്ഷാപ്രവർത്തകർക്കും ഇൻഫ്ലുവൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള അപകടസാധ്യതകളെക്കുറിച്ച് മറ്റുള്ളവർ ആശങ്ക പ്രകടിപ്പിച്ചു. "ആളുകൾക്ക് അവരുടെ ഉടമസ്ഥതയിലുള്ളതെല്ലാം, പ്രിയപ്പെട്ടവരെ, സ്വന്തം ജീവൻ വരെ നഷ്ടപ്പെടാൻ പോകുകയാണ്, എന്നിട്ടും ഹന്നയുടെ അവധിക്കാലത്തിനായി നമുക്ക് ഒരു നിമിഷം മൗനം ആചരിക്കാം," ഒരാൾ പരിഹസിച്ചു.
















© Copyright 2025. All Rights Reserved