കഴിഞ്ഞ ദിവസം ഷാബി താൻ ബയർ ലെവർകൂസൻ പടി ഇറങ്ങുകയാണെന്നു വ്യക്തമാക്കിയിരുന്നു. ജർമൻ ബുണ്ടസ് ലീഗയിൽ തുടരെ 11 സീസണുകളായി കിരീടം ഉയർത്തിയ അതികായരായ ബയേൺ മ്യൂണിക്കിന്റെ അപ്രമാദിത്വത്തിനു കടിഞ്ഞാണിട്ട് ലെവർകൂസനെ ചരിത്രത്തിലാദ്യമായി ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിക്കാൻ ഷാബിക്ക് സാധിച്ചിരുന്നു. അതും ഒരു മത്സരം പോലും തോൽക്കാതെയാണ് അവർ കഴിഞ്ഞ തവണ കിരീടം സ്വന്തമാക്കിയത്. ഇത്തവണ കിരീടം ബയേൺ തിരിച്ചു പിടിച്ചെങ്കിലും ലെവർകൂസൻ രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിന്റെ ഫൈനലിൽ അറ്റ്‌ലാന്റയോടു തോറ്റത് മാത്രമായിരുന്നു ഷാബിക്ക് തിരിച്ചടിയായത്. സീസണിൽ ലെവർകൂസൻ തോറ്റ ഏക മത്സരവും അതായിരുന്നു. ബുണ്ടസ് ലീഗ കിരീടത്തിനു പുറമേ ജർമൻ കപ്പും ഷാബിയുടെ തന്ത്രത്തിൽ ലെവർകൂസൻ നേടി. കളിക്കാരനെന്ന നിലയിൽ ദീർഘനാൾ റയലിൽ കളിച്ച ഷാബി അവർക്കൊപ്പം എല്ലാ കിരീടങ്ങളും നേടിയാണ് കരിയറിന്റെ അവസാന ഘട്ടത്തിൽ ജർമനിയിലേക്കു പോയത്. രണ്ട് സീസണിൽ താരം ബയേൺ മ്യൂണിക്കിനായി കളത്തിലെത്തി. പിന്നീടാണ് വിരമിച്ച് ലെവർകൂസന്റെ പരിശീലകനായത്. കോച്ചിങിൽ നൂതന തന്ത്രങ്ങളുമായാണ് ഷാബി ഫുട്‌ബോൾ ലോകത്തെ അമ്പരപ്പിച്ചത്. ആ മികവ് റയലിൽ ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് 43കാരൻ.
© Copyright 2024. All Rights Reserved