കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞ് നടിയും ലോക്സഭ എംപിയുമായ കങ്കണ റണാവത്ത്. കങ്കണയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി രംഗത്തെത്തിയിരുന്നു. കങ്കണയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ കങ്കണയുടെ മാപ്പ് പറച്ചിൽ.
-------------------aud--------------------------------
കർഷക സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവനയാണ് കങ്കണ പിൻവലിച്ച് മാപ്പ് പറഞ്ഞത്. തന്റെ വാക്കുകൾ നിരവധിയാളുകളെ നിരാശപ്പെടുത്തിയതായി മനസിലായെന്നും പ്രസ്താവന പിൻവലിക്കുകയായണെന്നും കങ്കണ എക്സിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
‘ഞാൻ ഇപ്പോൾ വെറുമൊരു അഭിനേത്രി മാത്രമല്ല, ഒരു രാഷ്ട്രീയ പ്രവർത്തക കൂടിയാണെന്ന് സ്വയം ഓർമ്മിക്കേണ്ടിയിരിക്കുന്നു. അതിനാൽ എന്റെ അഭിപ്രായങ്ങൾ വ്യക്തിപരമായി മാത്രം കണക്കാക്കപ്പെടുകയില്ല. അത് എന്റെ പാർട്ടിയെ കൂടിയാണ് പ്രതിഫലിപ്പിക്കുക. അതിനാൽ എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ എന്റെ വാക്കുകൾ പിൻവലിക്കുന്നു’. എക്സിലെ പോസ്റ്റിൽ കങ്കണ പറഞ്ഞു. സെപ്റ്റംബർ 24ന് കാർഷിക നിയമങ്ങളെ കുറിച്ച് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കങ്കണ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ദീർഘകാലം നീണ്ടുനിന്ന കർഷക സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. പറയാൻ പോകുന്ന കാര്യങ്ങൾ വിവാദമാകുമെന്ന് തനിക്ക് അറിയാമെങ്കിലും കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണ പറഞ്ഞത്. കർഷകർ തന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞിരുന്നു.
കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തി. കങ്കണ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപിയുടെ നിലപാടല്ലെന്നും ഗൗരവ് ഭാട്ടിയ വ്യക്തമാക്കി. ബിജെപിയുടെ നിലപാട് പറയാൻ കങ്കണയ്ക്ക് അധികാരമില്ലെന്നും കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞിരുന്നു.
© Copyright 2024. All Rights Reserved